കോവളം > വിഴിഞ്ഞം തുറമുഖപദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. 2023 മേയിൽ ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽവിഴിഞ്ഞത്ത് എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി പുരോഗതി ബുധനാഴ്ച ചേർന്ന അവലോകനയോഗം വിലയിരുത്തി. അതിനുശേഷം പുലിമുട്ട് നിർമാണത്തിനായുള്ള കല്ലിന്റെ ലഭ്യത ഉറപ്പുവരുത്തി. 80 ലക്ഷം മെട്രിക് ടൺ കല്ലുകൾ പുലിമുട്ട് നിർമാണത്തിന് വേണം. 30 ലക്ഷം മെട്രിക് ടൺ കല്ല് ഇതിനോടകം എത്തിച്ചിട്ടുണ്ട്. അതിൽ 12 ലക്ഷം മെട്രിക് ടൺ കടലിൽ നിക്ഷേപിച്ചു. 18 മെട്രിക് ടൺ പദ്ധതി പ്രദേശത്ത് സംഭരിച്ചിട്ടുണ്ട്. ഇവ കടലിൽ നിക്ഷേപിക്കുന്നതിനുള്ള നടപടി അതിവേഗം നടക്കുകയാണ്. ഇതിനായി അഞ്ചു ബാർജുകൾ വിഴിഞ്ഞത്ത് എത്തി. അമ്പത് ലക്ഷം മെട്രിക് ടൺ കല്ല് കൂടി ഉടൻ എത്തിക്കും.
220 കെവി സബ് സ്റ്റേഷന്റെ സ്വിച്ച് ഓൺ ഡിസംബറിൽ നടത്താൻ കഴിയും. ഗേറ്റ് കോംപ്ലെക്സിന്റെ വർക്ക് 2022 മാർച്ചിൽ പൂർത്തിയാക്കും. 2022 സെപ്തംബറിൽ വർക്ഷോപ്പിന്റെ എല്ലാ കെട്ടിടങ്ങളും പൂർത്തിയാകും. 2023 ഒക്ടോബറിൽ ബർത്തിന്റെ പ്രവർത്തനം പൂർണമാകുമെന്നും മന്ത്രി പറഞ്ഞു. വിശദമായ പഠനം നടത്തിയശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത്. പദ്ധതിയുടെ നിർമാണ സമയത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ ഏജൻസിയെ നിയമിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അക്കാര്യം ഉറപ്പാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
തുറമുഖ സെക്രട്ടറി ടിങ്കു ബിസ്വാൾ, അദാനി തുറമുഖ കമ്പനി സിഇഒ രാജേഷ്ഝാ, വിസിൽ സിഇഒ ഡോ. ജയകുമാർ, കോർപറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ, സെക്യുരിറ്റി ഓപ്പറേഷൻസ് മാനേജർ സന്തോഷ് പദ്മനാഭൻ, ഡ്യൂട്ടി സെക്യൂരിറ്റി ഓഫീസർ ഗോപകുമാർ എന്നിവർ മന്ത്രിക്കൊപ്പമെത്തിയിരുന്നു. എല്ലാ രണ്ടാഴ്ചയിലും വിഴിഞ്ഞം പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനാണ് തീരുമാനം.