തിരുവനന്തപുരം: പേരൂർക്കടയിലുള്ള ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രിവീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ഓ.പിയിൽ ഡോക്ടർമാർ എത്താൻ വൈകുന്നതായും വാർഡുകളിൽ റൗണ്ട്സ് കൃത്യമായി നടക്കുന്നില്ലെന്നും മന്ത്രി നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ബുധനാഴ്ച രാവിലെ 8.30 ഓടെ ആയിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. ആ സമയത്ത് പല ഓ.പികളിലും ഡോക്ടർമാർ ഉണ്ടായിരുന്നില്ല .രണ്ട് ഓ.പികളിൽ മാത്രമാണ് ഡോക്ടർമാർ ഉണ്ടായിരുന്നത്. ഡോക്ടർമാർ വാർഡുകളിൽ റൗണ്ട്സിലാണ് എന്നാണ് ആശുപത്രി അധികൃതർ മന്ത്രിയോട് പറഞ്ഞത്. ഇതനുസരിച്ച് മന്ത്രി വാർഡുകളിൽ എത്തിയപ്പോൾ അവിടെയും ഡോക്ടർമാർ ഇല്ലായിരുന്നു. ഇതോടെ വിഷയത്തിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി.
ആശുപത്രിയിലെ അറ്റൻഡൻസ് രജിസ്റ്റർ മന്ത്രി പരിശോധിച്ചു. അതിൽനിന്ന് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ആശുപത്രിയിൽ എത്തിച്ചേരാൻ വൈകുന്നതായി കണ്ടെത്തി.
ആരോഗ്യവകുപ്പ് ഡയറക്ടർക്കൊപ്പമാണ് മന്ത്രി ജില്ലാ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് പകരം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാഹനത്തിലാണ് മന്ത്രി എത്തിയത്. സന്ദർശനത്തിന് പിന്നാലെ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടും മന്ത്രി തേടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യമന്ത്രി മിന്നൽ സന്ദർശനം നടത്തിയിരുന്നു.