ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട ശേഷം പ്രതികരണവുമായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംഘടനാ കാര്യങ്ങളാണ് പാർട്ടി അധ്യക്ഷയുമായി ചർച്ചചെയ്തതെന്നും പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് കോൺഗ്രസിൽ തന്നെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ദേശീയതലത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന നടത്തുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാൽ അത് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുന്നതിലേയും അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിലേയും എതിർപ്പ് ഉമ്മൻചാണ്ടി അറിയിച്ചുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവർത്തകർ ഇക്കാര്യം ആവർത്തിച്ച് ചോദിച്ചെങ്കിലും പറയാവുന്നത്ര കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പറയേണ്ട കാര്യങ്ങളെല്ലാം പാർട്ടിക്കുള്ളിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടന നിർത്തിവെക്കണമെന്ന അഭിപ്രായമാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചെങ്കിലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന പ്രതികരണം നൽകി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം, പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ പുനഃസംഘടന നടത്താതെ മു്ന്നോട്ടുപോകാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്നത് ഉത്തരേന്ത്യയിൽ പതിവാണെന്നാണ് സതീശൻ പറഞ്ഞത്. മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിൽ അവരുടെ അഭിപ്രായം പരിഗണിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.
അതേസമയം, പുനഃസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിക്ക് അസംതൃപ്തിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ.സി വേണുഗോപാലുമായും ഉമ്മൻചാണ്ടി ചർച്ച നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്ന നിലപാടാണ് ഗ്രൂപ്പുകൾക്കുമുള്ളത്.
Content Highlights: Oommen chandi reacts after meeting sonia gandhi