കൊച്ചി> കോര്‍പ്പറേഷനില്‍ ഡിസംബര്‍ ഒന്നുമുതല്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുമില്ലാത്ത വഴിയോര കച്ചവടത്തിന് ഹൈക്കോടതിയുടെ വിലക്ക്. മുപ്പതിനകം അര്‍ഹരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും വിതരണം ചെയ്യണമെന്നും വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014ലെ കേന്ദ്രനിയമം നടപ്പാക്കണമെന്നും കോടതി അറിയിച്ചു.
ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കലക്ടറെയും സിറ്റി പൊലീസ് കമീഷണറേയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു.876 അപേക്ഷകരില്‍ അര്‍ഹരെന്ന് കണ്ടെത്തിയ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതായി കോര്പ്പറേഷന് കോടതിയെ അറിയിച്ചു.
രണ്ടാംഘട്ടത്തില്‍ 927 പേരുടെ അപേക്ഷ ടൗണ്‍ വെന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇതുവരെ അപേക്ഷിക്കാത്ത പുനരധിവാസത്തിന് അര്‍ഹരായ കച്ചവടക്കാര്‍ക്ക് അപേക്ഷിക്കാന്‍ കോടതി അനുമതി നല്കി. ഇവയില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണം. ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ.