ചൊവ്വാഴ്ച വൈകീട്ട് രാമനാട്ടുകര എയർപോർട്ട് റോഡിലെ ഒരു ബിരിയാണി സെന്ററിലാണ് യുവാവ് അതിക്രമം കാണിച്ചതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കടയിൽ നിന്ന് പാർസൽ വാങ്ങിയ യുവാവ് ഇതിൽ പുഴുവുണ്ടെന്ന് ആരോപിക്കുകയായിരുന്നു.
Also Read :
ആരോപണത്തെ തുടർന്ന് ഹോട്ടലുടമ ബിരിയാണി പരിശോധിക്കുകയും എണ്ണയിൽ പൊരിഞ്ഞ അരിമണി കണ്ടാണ് പുഴുവെന്ന് തെറ്റിദ്ധരിച്ചതെന്ന് യുവാവിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതെ ഇയാൾ രാമനാട്ടുകര നഗരസഭയിലെത്തി ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകുകയും ചെയ്തു.
യുവാവിന്റെ പരാതിയെത്തുടർന്ന് ഹോട്ടലിലെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ബിരിയാണി പരിശോധിക്കുന്നതിനിടയിലായിരുന്നു യുവാവ് അരിയടങ്ങിയ ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. എട്ടുകിലോ ബിരിയാണിയാണ് റോഡിൽ വീണ് നശിച്ചത്. ഇതോടെ ഹോട്ടലുടമ പോലീസിനെ വിളിക്കുകയും ചെയ്തു.
Also Read :
പരാതിയെത്തുടർന്ന് ഫറോക്ക് പോലീസ് സ്ഥലത്തെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയിൽ യുവാവിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമായെന്നും പുഴുവല്ല എണ്ണയിൽ പൊരിഞ്ഞ അരിമണിയാണെന്നാണ് നിഗമനമെന്നും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കി.