ബീജിങ്
ചൈനയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് ഷി ജിൻപിങ്. തയ്വാൻ ചൈനയുടെ ഭാഗമാണെന്നും ചൈന–- അമേരിക്ക നയതന്ത്രബന്ധത്തിന് അടിസ്ഥാനമായ മുൻ ധാരണകളിൽനിന്ന് വ്യതിചലിക്കരുതെന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.
തയ്വാനിലെ വിഘടനവാദികളെ സഹായിക്കുന്നവർ തീകൊണ്ട് കളിക്കുകയാണെന്നും വെർച്വൽ ഉച്ചകോടിയിൽ മുന്നറിയിപ്പ് നല്കി. ബൈഡൻ പ്രസിഡന്റായതിനുശേഷം ഇരു നേതാക്കളും തമ്മിലുണ്ടായ മൂന്നാമത്തെ സംഭാഷണം മണിക്കൂറുകൾ നീണ്ടു. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, അഫ്ഗാൻ, ഇറാൻ സാഹചര്യം തുടങ്ങിയവ ചർച്ച ചെയ്തു.
ചൈനയ്ക്കെതിരെ വിവിധ രാജ്യങ്ങളെ പങ്കെടുപ്പിച്ച് അമേരിക്ക അടുത്ത മാസം നടത്താനിരിക്കുന്ന ജനാധിപത്യ ഉച്ചകോടിയെയും ഷി വിമർശിച്ചു. സിൻജിയാങ്, തിബറ്റ്, ഹോങ്കോങ് വിഷയങ്ങളിൽ ചൈന ചർച്ചയ്ക്ക് തയ്യാറാണ്. ഉഭയകക്ഷി ബന്ധം ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാൻ ബൈഡനുമായി തുടർന്നും ബന്ധം പുലർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇൻഡോ–-പസഫിക് മേഖല സ്വതന്ത്രമായി നിലനിർത്താൻ ആവശ്യമായ നടപടി തുടരുമെന്ന് ബൈഡൻ വ്യക്തമാക്കി. വൺ ചൈന നയത്തെ തുടർന്നും പിന്തുണയ്ക്കും. തയ്വാനിൽ തൽസ്ഥിതി തുടരണമെന്നും ബൈഡൻ നിർദേശിച്ചു.