ന്യൂഡൽഹി
കേരളത്തിലെ സ്വാശ്രയകോളേജുകളിലെ പ്രവേശനവിഷയത്തില്‍ മേൽനോട്ടസമിതിക്ക് സ്വമേധയാ നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് സുപ്രീംകോടതി. പ്രവേശന മേൽനോട്ടസമിതിയുടെ അധികാരം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. മേൽനോട്ടസമിതിയുടെ അധികാരം ചോദ്യംചെയ്ത കരുണാ മെഡിക്കൽ കോളേജിന്റെ ഹർജി തള്ളി.
കരുണാ മെഡിക്കൽകോളേജിലും കണ്ണൂർ മെഡിക്കൽകോളേജിലും 2015–-2016ൽ പ്രവേശനംനേടി പഠനം പൂർത്തിയാക്കിയവര്‍ക്ക് പരിശോധനയ്ക്കുശേഷം എംബിബിഎസ് സർട്ടിഫിക്കറ്റും രജിസ്ട്രേഷനും നൽകാൻ കോടതി നിർദേശിച്ചു. കോഴ്സും ഇന്റേണ്‍ഷിപ്പും പൂർത്തിയാക്കിയവര്‍ക്ക് നാലാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റും രജിസ്ട്രേഷനും അനുവദിക്കണം.
മേൽനോട്ട സമിതിക്ക് പ്രവേശന നടപടി പരിശോധിക്കാന്‍ വിശാലഅധികാരമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു.
സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ സമിതിയുടെ അധികാരം നിയന്ത്രിക്കുന്നതല്ലെന്ന ഹൈക്കോടതി കണ്ടെത്തൽ ശരിയെന്ന് സുപ്രീംകോടതി വിലയിരുത്തി. സ്വാശ്രയ സ്ഥാപനങ്ങളുടെ കൊള്ളതടയാൻ മേൽനോട്ടസമിതി വേണമെന്ന എൽഡിഎഫ് നിലപാടിന് അംഗീകാരമാണ് സുപ്രീംകോടതിയുടെ വിധി.