തിരുവനന്തപുരം
രാജ്യത്താദ്യമായി കേരളത്തിൽ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഉത്തരവാദിത്വ ടൂറിസം തരംതിരിവ് നടപ്പാക്കുന്നു. പദ്ധതി ഉദ്ഘാടനവും സോഫ്റ്റ്വെയറിന്റെയും വീഡിയോയുടേയും പ്രകാശനവും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ, ആയുർവേദ കേന്ദ്രങ്ങൾ, സാഹസിക ടൂറിസം സേവനദാതാക്കൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ഗൃഹസ്ഥലികൾ എന്നിവയുടെ അംഗീകാരത്തിനുൾപ്പെടെയുള്ള സേവനങ്ങൾക്ക് ഓൺലൈൻ പോർട്ടലും തുറന്നു.
കേരള ടൂറിസത്തിനായി ഉത്തരവാദിത്വ ടൂറിസം മിഷനാണ് തരംതിരിവ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, അനുഭവവേദ്യ ടൂറിസം, കലാ-സാംസ്കാരിക സംരക്ഷണം, ടൂറിസം മേഖലയിലെ സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് തരംതിരിക്കൽ.
ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഓൺലൈനായി അപേക്ഷിക്കാം. ഉത്തരവാദിത്വ മിഷൻ നൽകുന്ന തരംതിരിവിന് മൂന്നുവർഷമാണ് കാലാവധി. ടൂറിസം ഡയറക്ടർ ചെയർമാനായും ആർടി മിഷൻ കോ-ഓർഡിനേറ്റർ കൺവീനറുമായുള്ള വിദഗ്ധസമിതിയാണ് തരംതിരിവ് നിർണയിക്കുക.
സുസ്ഥിര ആസൂത്രണം, സാമൂഹ്യ- സാംസ്കാരിക ഉത്തരവാദിത്വം, സാംസ്കാരിക പൈതൃകം, പാരിസ്ഥിതിക ഉത്തരവാദിത്വം എന്നീ ഘടകങ്ങൾ തരംതിരിവിന് അടിസ്ഥാനമാകുമെന്ന് മന്ത്രി പറഞ്ഞു. ആർടി ഡയമണ്ട്, ആർടി ഗോൾഡ്, ആർടി സിൽവർ വിഭാഗങ്ങളിലായാണ് ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമുള്ള അംഗീകാരം. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഊന്നൽ നൽകിയുള്ള പ്രവർത്തനത്തെ അടിസ്ഥാനമാക്കി എൺപത് ശതമാനത്തിലേറെ സ്കോർ നേടുന്നവയ്ക്ക് ഗ്രീൻ സർട്ടിഫിക്കേഷൻ ലഭിക്കും. അപേക്ഷ സമർപ്പിച്ച് കാലതാമസം കൂടാതെ നടപടികൾ ലഘൂകരിച്ച് സമയബന്ധിതമായി നടപടികൾ സ്വീകരിക്കാൻ വിവിധ സേവനങ്ങൾക്കുള്ള ഓൺലൈൻപോർട്ടൽ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.
വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണ തേജ, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ രൂപേഷ്കുമാർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, ടൂറിസം മാർക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജി എൽ രാജീവ് എന്നിവർ സംസാരിച്ചു.