തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നിലവാരമനുസരിച്ച് റാങ്കിങ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതികം, സാമ്പത്തികം, സാമൂഹികം, ശുചിത്വം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് റാങ്കിങ്കൊണ്ടുവരിക്കുന്നത്. സിൽവർ, ഗോൾഡ്, ഡയമണ്ട്, ഗ്രീൻ എന്നിങ്ങനെയാണ് ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പദവികൾ നൽകുക.
ഹോട്ടലുകളും റിസോർട്ടുകളുടെയും പ്രവർത്തനത്തിൽ എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടൻ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങൾ ശേഖരിച്ച ശേഷം ഉത്തരവാദിത്ത ടൂറിസം മിഷൻ ആ സ്ഥാപനത്തെ ക്ലാസിഫൈ ചെയ്യും. കേരള ടൂറിസത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും വെബ്സൈറ്റിൽ ക്ലാസിഫിക്കേഷൻ നൽകിയ സ്ഥാപനങ്ങൾ ലഭ്യമാകും.
പാരിസ്ഥിതിക മേഖലയിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് ഗ്രീൻ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൂടി നൽകും.1000 പോയിന്റുകളാണ് ആകെയുള്ളത് ഉള്ളത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതുൾപ്പെടെയുള്ള 80 ശതമാനം മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമേ ഗ്രീൻ സ്റ്റാറ്റസ് കിട്ടു.
പാരിസ്ഥിക ഉത്തരവാദിത്തങ്ങൾ കൂടി നിറവേറ്റാൻ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും നിർബന്ധിതരാക്കുന്ന നടപടിയാണിത്. ഇത്തരത്തിൽ മാനദണ്ഡങ്ങൾ മികച്ച രീതിയിൽ പാലിക്കുന്ന ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും സർക്കാർ പ്രോത്സാഹിപ്പിക്കും. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റു മുഖേനെ ഇവർക്ക് പ്രാധാന്യം നൽകും.
പ്രത്യേക സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ റിസോർട്ടുകളിലും ഹോട്ടലുകളിലും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഈ പദ്ധതി നടപ്പിലാക്കും. കേരളത്തിലെത്തുന്ന ഒരു വിദേശ ടൂറിസ്റ്റിന് ഗ്രാമീണ ടൂറിസത്തെ അനുഭവിച്ചറിയാൻ എവിടെ പോകണം, ഏതൊക്കെ റിസോർട്ടിൽ നിന്നാണ് അത് സാധ്യമാവുക, ഏത് ഹോട്ടലിലാണ് നാടൻ വിഭവങ്ങളുടെ രുചിയറിയാൻ സാധിക്കുക എന്നിങ്ങനെ എല്ലാം ഇനി അറിയാൻ സാധിക്കും.
കൂടാതെ നിലവിൽ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള ഹോംസ്റ്റേ, ഹൗസ് ബോട്ട്, ആയുർവേദ ടൂറിസം എന്നിവയും ഇനിമുതൽ ഈ ഓൺലൈൻ സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.
പ്രാദേശികമായി ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കുന്ന സ്ഥലത്തെ ജനതയ്ക്ക് അവ മൂലം വരുമാനം ലഭിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉൾപ്പെടുത്തൽ കൂടി കണക്കുകൂട്ടിയാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഇതിനൊപ്പം അപേക്ഷകൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഓൺലൈൻ സംവിധാനം കൊണ്ടുവരികയും ചെയ്യും.
കാരവാൻ ടൂറിസം, ഫുഡ് ഓൺ വീൽസ് പദ്ധതികൾ കൂടുതൽ വ്യാപകമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 14 ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വൈക്കം മാതൃകയിൽ ഫുഡ് ഓൺ വീൽസ് പദ്ധതി കൊണ്ടുവരും. പ്രാദേശിക രുചി വൈവിധ്യങ്ങളാകും ഇവിടെ ലഭ്യമാവുകയെന്ന് മന്ത്രി വ്യക്തമാക്കി.