പാരീസ്> കോവിഡിനു പുറമേ പക്ഷിപ്പനിയും യൂറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയയെയും ആശങ്കയിലാഴ്ത്തുന്നു. ചൈനയില് എച്ച് 5 എന് 6 പനി 21 പേരില് സ്ഥിരീകരിച്ചു. ചൈനയ്ക്കുപുറമേ ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുകയാണ്. രാജ്യത്തെ ഒരു ഫാമില് രോഗം സ്ഥിരീകരിച്ച 770,000 ത്തോളം ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയായിരുന്നു.
പൗള്ട്രിമേഖലയില് ജാഗ്രത തുടരണമെന്ന് അധികൃതര് നിര്ദേശം നല്കിയിരുന്നു. പക്ഷിപ്പനിയെത്തുടര്ന്നു മുന്കാലങ്ങളില് ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
യൂറോപ്പിലും ചൈനയിലും ദക്ഷിണകൊറിയയിലും സമീപനാളുകളില് പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്ഡ് ഓര്ഗനൈസേഷന് ഫോര് ആനിമല് ഹെല്ത്ത് പറഞ്ഞു.
യൂറോപ്പില് നോര്വേയിലാണ് രോഗം രൂക്ഷം. എച്ച് 5 എന് 1 പനി റോഗല്ലാന്ഡ് മേഖലയിലെ 7,000 പക്ഷികളില് സ്ഥിരീകരിച്ചു. വളര്ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില് പാര്പ്പിക്കാന് ബെല്ജിയം സര്ക്കാര് കര്ഷകര്ക്കു നിര്ദേശം നകിയതും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്ന്നാണ്.
ജപ്പാനിലെ വടക്കുകിഴക്കന് പ്രവിശ്യയില് രോഗം കണ്ടെത്തിയതായി ജപ്പാന് കൃഷിമന്ത്രാലയം സ്ഥിരീകരിച്ചു.