ന്യൂഡൽഹി
ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണം കുറയ്ക്കാനുള്ള നടപടി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിക്കണമെന്ന് സുപ്രീംകോടതി. എന്തൊക്കെ നിയന്ത്രണം വേണമെന്ന്ചർച്ച ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മലിനീകരണത്തിന്റെ ഉത്തരവാദിത്വം കർഷകരുടെ ചുമലിൽ അടിച്ചേൽപ്പിക്കാനാണ് ഡൽഹി സർക്കാരിന്റെ ശ്രമമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡുകൂടി അംഗമായ ബെഞ്ച് നിരീക്ഷിച്ചു.
നിർമാണപ്രവർത്തനം, വ്യവസായം, ഗതാഗതം, ഊർജമേഖലകളാണ് അന്തരീക്ഷമലിനീകരണത്തിന് മുഖ്യകാരണമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ചില ഭാഗങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതും മലിനീകരണമുണ്ടാക്കുന്നു. എന്നാൽ, ഇതുമൂലമുള്ള മലിനീകരണം 10 ശതമാനം മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ചൂണ്ടിക്കാട്ടി. സമ്പൂർണ അടച്ചുപൂട്ടലിന് അടക്കം തയ്യാറാണെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അയൽസംസ്ഥാനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തണം.