ന്യൂഡൽഹി
മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ നൈനിത്താളിലെ വസതിക്ക് അജ്ഞാതർ തീയിട്ടു. അയോധ്യാ വിഷയത്തില്‍ കോടതിവിധി അപഗ്രഥിച്ച് ഖുർഷിദ് എഴുതിയ പുസ്തകത്തിലെ ചില നിരീക്ഷണങ്ങൾ വിവാദമായതിനു പിന്നാലെയാണ് തീയിടൽ. തീ ആളിപ്പടരുന്ന ദൃശ്യം ഖുർഷിദ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
‘സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ ഔർ ടൈംസ്’ എന്ന പുസ്തകത്തില്‍ രാഷ്ട്രീയ ഹിന്ദുത്വത്തെ ജിഹാദി ഇസ്ലാമിക ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുന്നു. സന്ന്യാസിമാരാലും വിശുദ്ധരാലും അറിയപ്പെട്ടിരുന്ന സനാതന ധർമത്തെയും ശ്രേഷ്ഠമായ ഹൈന്ദവതയെയും തള്ളിമാറ്റി ഐഎസ്ഐഎസ്, ബൊക്കൊ ഹറാംപോലുള്ള ജിഹാദി ഇസ്ലാമിക ഗ്രൂപ്പുകൾക്കു സമാനമായ ഹിന്ദുത്വത്തിന്റെ നവീന രാഷ്ട്രീയമുഖം കടന്നുകയറിയതായി പുസ്തകം പറയുന്നു. ഇതിനെതിരെ സംഘപരിവാർ സംഘടനകളും കോൺഗ്രസിൽ ഒരു വിഭാഗവും രംഗത്തവന്നിരുന്നു.