തൃശൂർ > കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതിയായ ഭരണസമിതിയംഗത്തിന്റെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തെന്നതരത്തിൽ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. 20 വർഷമായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഒന്നിച്ചുണ്ടായിരുന്ന സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗവുമായ ലത ചന്ദ്രന്റെ മകന്റെ വിവാഹസൽക്കാരത്തിലാണ് പങ്കെടുത്തത്.
ജില്ലാ പഞ്ചായത്ത് അംഗംകൂടിയായ ലതയുടെ മകൻ ശരത്ചന്ദ്രൻ കേരളവർമ കോളേജിൽ എന്റെ വിദ്യാർഥിയായിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് വിവാഹച്ചടങ്ങിൽ സംബന്ധിച്ചത്. മിശ്രവിവാഹമായിരുന്നു ഇവരുടേത്. സൽക്കാരത്തിനിടെ കേസിലെ പ്രതി അമ്പിളിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. വധുവിന്റെ വീട്ടിലും പോയിട്ടില്ല. ചില മാധ്യമങ്ങൾ ബോധപൂർവം കള്ളപ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.