കൊച്ചി> ശബരിമല ക്ഷേത്ര നട തുറക്കുന്ന ദിവസം തന്നെ അരവണ പ്രസാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം അഴിച്ചുവിട്ട് സംഘപരിവാര്‍. അരവണ പായസത്തിന്റെ കോണ്‍ട്രാക്ട് ദേവസ്വം ബോര്‍ഡ് ഒരു മുസ്ലിം കമ്പനിയെ ഏല്‍പ്പിച്ചുവെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
എന്നാല്‍, ഇന്ത്യ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) നടത്തിയ അന്വേഷണത്തില്‍ വസ്തുതകള്‍ പുറത്തുവരികയായിരുന്നു . ചിത്രത്തില്‍ കാണിച്ചിരിക്കുന്ന കുപ്പിയില്‍ ‘Al Zahaa’ എന്ന് എഴുതിയിരിക്കുന്നത് കാണാം. മറ്റു ചില അറബി വാക്കുകളുംകുപ്പിയില് കാണാന്‍ സാധിക്കും.
അരവണ പായസം എന്നെഴുതിയ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ ചിത്രത്തിനൊപ്പമാണ് ഇത് പ്രചരിക്കുന്നത്.
ഇന്ത്യ ടുഡേ എഫ്എഡബ്ല്യുഎ നടത്തിയ അന്വേഷണം
പ്രചാരത്തിലുള്ള പോസ്റ്റിലെ അരവണ പായസത്തിന്റെ ചിത്രം ശ്രദ്ധിച്ചു നോക്കിയാല്‍ അതില്‍ ‘Al Zahaa Sweets LLC’ എന്ന് എഴുതിയിരിക്കുന്നത് കാണാം. മാത്രമല്ല, ‘അയ്യപ്പന്’ ‘ശബരിമല’ എന്നീ വാക്കുകള്‍ കുപ്പിയിന്മേല് ഉപയോഗിച്ചതായി കാണാന്‍ സാധിക്കുന്നുമില്ല.
കമ്പനിയെക്കുറിച്ച് ഗൂഗിളില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ മിഡില്‍ ഈസ്റ്റ് കമ്പനികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങുന്ന ClarifiedBy.com എന്ന വെബ്സൈറ്റില്‍ ‘Al Zahaa Sweets LLC ‘ എന്ന കമ്പനിയെ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു. ഈ വെബ്സൈറ്റ് പ്രകാരം, യുഎഇയിലെ അജ്മാനിലാണ് ‘Al Zahaa Sweets’ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല, കമ്പനി ആരംഭിച്ചത് 2020-ല്‍ ആണെന്നും വെബ്സൈറ്റ് പറയുന്നു.
പ്രചാരത്തിലുള്ള ചിത്രത്തില്‍ കാണുന്ന അതേ ലോഗോ ഉപയോഗിച്ചിട്ടുള്ള ‘Al Zahaa’ യുടെ ബോര്‍ഡിന്റെ ചിത്രം ഗൂഗിളില്‍ കണ്ടെത്താനായി. മാത്രമല്ല, ഇവരുടെ ഫേസ്ബുക്ക് പേജില്‍ ഇതേ ലോഗോ ഉപയോഗിച്ചിട്ടുള്ള കമ്പനിയുടെ മറ്റു സാധനങ്ങളും കാണാം.
‘Al Zahaa’ വില്‍ക്കുന്നത് ഒരു സാധാരണ അരവണ പായസം ആണെന്നും ഇത് യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നും കമ്പനിയുടെ പ്രതിനിധിയുമായി അന്വോഷണ സംഘം സംസാരിച്ചപ്പോള്‍ വ്യക്തമാകുകയായിരുന്നു.
‘കാലങ്ങളായി ശബരിമലയിലെ പ്രസാദമായ അരവണ പായസം നിര്‍മിക്കുന്നത് ക്ഷേത്രത്തിലെ ജീവനക്കാര്‍ തന്നെയാണ്. അല്ലാതെ മറ്റൊരു കമ്പനിക്കും ഞങ്ങള്‍ ഇതിനായി കോണ്‍ട്രാക്ട് നല്‍കിയിട്ടില്ല. പായസത്തിനുള്ള ചേരുവകള്‍ക്കായി ടെന്‍ഡര്‍ വിളിക്കുമെങ്കിലും പായസം ഉണ്ടാക്കുന്നത് ശബരിമലയില്‍ തന്നെയാണ്. അരവണ എന്ന പേരിനായുള്ള പേറ്റന്റ് ശബരിമലക്കു ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്’.
പ്രസാദം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ പോസ്റ്റല്‍ ആരംഭിച്ചിട്ടുള്ള സ്കീം വഴി ഇന്ത്യയിലെവിടെയും വീടുകളില്‍ അരവണ എത്തിച്ചു നല്‍കുമെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് പ്രസാദം ശബരിമല ക്ഷേത്രം നേരിട്ട് വിതരണം ചെയ്യുന്നില്ല’- ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍ വ്യക്തമാക്കി