ചെന്നൈ > ജയ് ഭീം സിനിമയുടെ യഥാർത്ഥ കഥയിലെ നായിക പാർവതി അമ്മാളിന് സഹായവുമായി നടൻ സൂര്യ. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്. ഇവരുടെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചു. പാർവതി അമ്മാളിന്റെ പേരിൽ സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിൽ എത്തുമെന്നും സൂര്യ അറിയിച്ചു.
രാജാ കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് സർക്കാരിൽനിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാൻ നേരത്തെ സിപിഐ എമ്മിന് കഴിഞ്ഞിരുന്നു. പാർട്ടിയുടെ പങ്ക് വ്യക്തമായി സിനിമയില്‍ ചിത്രീകരിച്ചതിനെ സിപിഐ എം അഭിനന്ദിച്ചിരുന്നു. സിപിഐ എം നടത്തിയ മഹത്തായ സമരമായിരുന്നു കടലൂർ കമ്മാപുരത്തെ രാജാ കണ്ണിനെ ലോക്കപ്പ് മർദനത്തിൽ കൊന്നതിനെതിരായ പ്രക്ഷോഭം. ഇതിൽ വർഷങ്ങളോളം നീതിക്കായി പ്രതിഷേധവും നിയമപോരാട്ടവും നടത്തി.
യാഥാർഥ്യത്തോട് നീതി പുലർത്തിയ സിനിമ ജനം ഏറ്റെടുത്തു. ഇത് സിപിഐ എമ്മിന്റെ പോരാട്ടവിജയത്തിന് ലഭിച്ച അംഗീകാരംകൂടിയാണ്. ദുരിതജീവിതം നയിക്കുന്ന രാജാ കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീടുണ്ടാക്കാൻ സിപിഐ എം ശ്രമം തുടങ്ങിയിരുന്നു. അതുമായി സഹകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ കത്തിൽ അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായാണ് സൂര്യ സഹായവുമായി മുന്നോട്ടുവന്നത്.