ന്യൂഡൽഹി > സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി രണ്ടിൽനിന്ന് അഞ്ച് വർഷമായി ഉയർത്താൻ കേന്ദ്രസർക്കാരിനു അനുമതി നൽകുന്ന രണ്ട് ഓർഡിനൻസും പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഈ ഓർഡിനൻസുകളെ നിയമമാക്കി മാറ്റാനുള്ള നീക്കത്തെ പാർലമെന്റിൽ സിപിഐ എം എംപിമാർ എതിർക്കുമെന്ന് പിബി വ്യക്തമാക്കി.
കേന്ദ്ര ഭരണകക്ഷിയുടെ സ്വന്തം അജണ്ട നടപ്പാക്കാനുള്ള രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുകയാണ് സിബിഐയും ഇഡിയും. പ്രതിപക്ഷ പാർടികളുടെ നേതാക്കളെ കുടുക്കാൻ പതിവായി ശ്രമിക്കുന്നു. ഈ ഏജൻസികളുടെ സ്വയംഭരണാവകാശത്തെ കൂടുതൽ അട്ടിമറിക്കാനും പ്രധാന ഉദ്യോഗസ്ഥരെ കൂടുതലായി വരുതിയിൽനിർത്താനുമാണ് ഇപ്പോഴത്തെ നീക്കം.
പാർലമെന്റിന്റെ ശീതകാല സമ്മേളനം 29നു തുടങ്ങാനിരിക്കെയാണ് ഈ നടപടിയെന്നത് ഏറെ ആക്ഷേപകരമാണ്. ബിജെപി പതിവായി ‘ഓർഡിനൻസ് രാജ്’ പാത സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കാലാവധി നീട്ടിനൽകുന്നത് ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രമായിരിക്കണമെന്നും നടന്നുവരുന്ന ഏതെങ്കിലും അന്വേഷണത്തിന്റെ ആവശ്യാർഥം ‘ഒഴിച്ചുകൂടാനാകാത്ത വളരെ വിരളമായ സാഹചര്യത്തിൽ‘ മാത്രമേ ഇതു ചെയ്യാവൂ എന്നും സുപ്രീംകോടതി വിധിയിൽ നിഷ്കർഷിച്ചത് മറികടക്കാനാണ് ഈ ഓർഡിനൻസുകൾ. ഇപ്പോഴത്തെ ഓർഡിനൻസുകളോടെ കേന്ദ്രസർക്കാരിനു ഒരു വർഷം വീതമുള്ള മൂന്ന് കാലാവധി നീട്ടൽ നൽകാം. അത്യന്തം അലപനീയമാണിത്––പിബി പ്രസ്താവനയിൽ പറഞ്ഞു.