നാഗ്പുർ/മുംബൈ > മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം മിലിന്ദ് തെല്‍തുംബ്ഡെ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ച് പൊലീസ്. തെല്‍തുംബ്ഡെയുടെ തലയ്ക്ക് പൊലീസ് 50 ലക്ഷം രൂപ വിലയിട്ടിരുന്നു. കൊല്ലപ്പെട്ട 26 പേരില്‍ ആറ് സ്ത്രീകളുണ്ട്. പത്ത് പേരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇരുപത് വര്‍ഷമായി മഹാരാഷ്ട്രമേഖലയില് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന മിലിന്ദിനെ വധിച്ചത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വന്‍ തിരിച്ചടിയാണെന്ന് പൊലീസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മിക്കവര്‍ക്കും 20 ലക്ഷംമുതൽ നാലു ലക്ഷംവരെ തലയ്ക്ക് വിലയിട്ടിരുന്നു. ഒമ്പത് റൈഫിൾ, 12 നാടൻതോക്ക്, അഞ്ച് എകെ 47 എന്നിവ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. ദളിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ഡെയുടെ സഹോദരനാണ് മിലിന്ദ്. എൽഗർ പരിഷത്ത്- കേസിൽ അറസ്റ്റിലായ ആനന്ദ് ഇപ്പോൾ നവി മുംബൈയിലെ ജയിലിലാണ്.