ദുബായ്> ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീട പോരാട്ടത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയച്ചു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങുന്നത്. കിവീസ് നിരയില്‍ പരിക്കേറ്റ ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം ടിം സെയ്ഫെര്‍ട്ടിനെ ഉള്‍പ്പെടുത്തി
ഐസിസി ട്വന്റി-20യില്‍ കന്നിക്കിരീടത്തിനായാണ് ഇരു ടീമുകളും കൊമ്പുകോര്‍ക്കുന്നത്. 2010ല്‍ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടം നേടാനായില്ല.
ലോകകപ്പിനെ പ്രകമ്പനം കൊള്ളിച്ച പോരാട്ടങ്ങള്‍ തന്നെയായിരുന്നു രണ്ട് സെമിഫൈനലുകളും. ഇംഗ്ലീഷ് സ്വപ്നങ്ങളെ തകര്‍ത്ത് ന്യൂസിലന്‍ഡും പാകിസ്താന്റെ അപരാജിത കുതിപ്പിന് തടയിട്ട് ഓസ്ട്രേലിയയും ഫൈനലിലേക്ക് മുന്നേറി.
2015 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ചാമ്പ്യന്മാരായിരുന്നു. അതിനുശേഷം ഓസ്ട്രേലിയക്ക് ലോകകിരീടങ്ങളൊന്നും നേടാനായിട്ടില്ല. അതേസമയം, ന്യൂസിലന്‍ഡ് ഇതാദ്യമായാണ് ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.
കളിയില്‍ കേമനാര്
പാകിസ്ഥാനെതിരായ കളി ഓസീസിന്റെ സാധ്യത കൂട്ടുന്നു. കളിയുടെ ഗതി മാറ്റിമറിക്കാനുള്ള അവരുടെ പ്രഫഷണല്‍ മികവിന് ഉത്തമ ഉദാഹരണമായിരുന്നു സെമി. ഇതിനെ മറികടക്കാന്‍ കിവീസിന്റെ സംഘശക്തിക്കാകുമോയെന്നതിനെ ആശ്രയിച്ചാകും ഫലം.
ഏഴാമനായി ഇറങ്ങിയാണ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് പാകിസ്ഥാനെ തകര്‍ത്തത് എന്നറിയുമ്പോള്‍ ബാറ്റിങ് നിരയുടെ ആഴം വ്യക്തം. ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെലും കളിയുടെ ഗതിമാറ്റാന്‍ മിടുക്കരാണ്. പന്തെറിയാന്‍ മിച്ചെല്‍ സ്റ്റാര്‍കും ജോഷ് ഹാസില്വുഡുമുണ്ട്. സ്പിന്നര്‍ ആദം സാമ്പയാണ് തുറുപ്പുശീട്ട്.
കൂട്ടായ്മയില്‍ അത്ഭുതം തീര്‍ക്കാന്‍ മിടുക്കരാണ് കിവീസ്. കെയ്ന്‍ വില്യംസനൊപ്പം ഓള്‍റൗണ്ടര്‍ ജിമ്മി നീഷമുണ്ട്. പേസര്‍ ട്രെന്റ്ബോള്ട്ടാണ് പ്രധാന ആയുധം. സ്പിന്നര്‍ ഇഷ് സോധി നന്നായി പന്ത് തിരിക്കുന്നു. മിച്ചെല്‍ സാന്റ്നെര്‍ കൂട്ടാകും.