ജിജോയുടെ വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. മക്കളുണ്ടാകാതിരുന്നപ്പോഴാണ് ഇവര്‍ പിക്സിയെ വാങ്ങി വളര്‍ത്താന്‍ തീരുമാനിച്ചത്. ‘ഭക്ഷണം വാരിക്കൊടുത്തു വളര്‍ത്തിയതാണ്, എനിക്ക് മക്കളില്ല സാറേ. അതിനു പകരം വളര്‍ത്തുന്നതാണ്’, ജിജോയുടെ വാക്കുകള്‍.
Also Read:
ചെങ്ങമനാട് വേണാട്ടു പറമ്പില്‍ മേരി തങ്കച്ചന്റെയും മകന് ജിജോയുടെയും വീട്ടില്‍ വളര്‍ത്തുന്ന പഗ് ഇനത്തില്‍പെട്ട പിക്സി എന്നു പേരുള്ള നായയെ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മരത്തടികൊണ്ട് തലയ്ക്കടിച്ച് കൊന്നെന്നാണ് പരാതി. മേരിയുടെ മറ്റൊരു മകനും ഒരു കേസിലെ പ്രതിയുമായ ജസ്റ്റിനെ പിടികൂടുന്നതിനായി ഇന്‍സ്പെക്ടര്‍ വീട്ടിലെത്തിയപ്പോള്‍ നായയെ തല്ലിക്കൊന്നെന്നാണ് എസ്പിയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
‘പട്ടിയെന്ന് പറയുമ്പോ ആള്‍ക്കാര്‍ക്ക് വിലയുണ്ടാകില്ല, പട്ടിയല്ലേ? ഇന്നു കൂടി അമ്മ ഭക്ഷണം വാരി കൊടുത്തതാണ്. എങ്കിലേ അതു കഴിക്കൂ’, നായയെ തോളിലിട്ട് ജിജോ പോലീസ് സ്റ്റേഷനിലെത്തി പറയുന്നതാണിത്. ‘പോലീസ് വീട്ടില്‍ അന്വേഷിച്ചു വന്ന പ്രതി ഓടിപ്പോകുകയോ മറ്റോ ചെയ്തെങ്കില്‍ ഇതു മനസ്സിലാക്കാം. ഇതൊന്നും അല്ലാതെ പോലീസ് കസ്റ്റഡിയില്‍ തന്നെ ഉള്ളയാളെ അന്വേഷിച്ചിട്ടു വന്നിട്ട് തിരിച്ച് പ്രതികരിക്കാന്‍ കഴിയാത്തവരെ എന്തിനാണ് തല്ലുന്നത്? , ജിജോയുടെ വാക്കുകള്‍.
Also Read:
സംഭവത്തില്‍ പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ജിജോ പറഞ്ഞു. നായ തലയ്ക്ക് അടിയേറ്റ് ചത്തതാണെന്ന് സാക്ഷ്യപ്പെടുത്തണമെന്ന ആവശ്യവുമായി നായയ്ക്ക് ചികിത്സ നല്‍കിയിരുന്ന ഡോക്ടറെ സമീപിച്ചെങ്കിലും അത് നടന്നില്ല. സര്‍ക്കാര്‍ ഡോക്ടറാണ് ഇത് പരിശോധിച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം നിരസിച്ചു. ഇതേതുടര്‍ന്ന് മോര്‍ച്ചറിയില്‍ വയ്ക്കുന്നതിന് അന്വേഷിച്ചെങ്കിലും വേണ്ട പെട്ടി ലഭിക്കാതെ വന്നതോടെ വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് കാലിയാക്കി ജഡം അതില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിക്സിയെ തല്ലിക്കൊന്ന ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.