കോഴിക്കോട്: കുട്ടികളുടെ കായിക പരിശീലനം കഴിഞ്ഞ് കാറിൽ തിരിച്ച് പോവുന്നതിനിടെയാണ് മുൻ ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ മകൻ വിമലും വിമലിന്റെ രണ്ട് മക്കളും സഞ്ചരിച്ച കാറിനുള്ളിൽനിന്ന് പുക ഉയരുന്ന് ശ്രദ്ധയിൽ പെട്ടത്.
രാവിലെ മെഡിക്കൽ കോളേജിൽനിന്ന് കോവൂരിലെ റോഡിന് സമീപം അപ്പോൾ തന്നെ വണ്ടി നിർത്തി മൂന്ന് പേരും ഇറങ്ങിയ നിമിഷം പിന്നെ കണ്ടത് വലിയൊരു അഗ്നിഗോളം. രണ്ട് മിനിറ്റ് കൊണ്ട് തീ മുഴുവൻ കാറിനെ വിഴുങ്ങുകയും ചെയ്തു. മറ്റെന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്നെ തന്നെ കാർ പൂർണമായും കത്തുകയും ചെയ്തു. മൂന്ന് പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വെള്ളിമാട് കുന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ പകുതിയിലേറേയും തീ വിഴുങ്ങി കഴിഞ്ഞിരുന്നു. ഉടൻ തന്നെ വെള്ളം തളിച്ച് തീ കെടുത്താനുള്ള നടപടി ആരംഭിച്ചെങ്കിലും പൂർണമായും കത്തിയ കാറിന്റെ ഇരുമ്പ് ബോഡി മാത്രമാണ് ബാക്കിയായത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇതുവരെ എതെങ്കിലും തരത്തിലുള്ള പ്രശ്നം വണ്ടിക്ക് ഉണ്ടായിരുന്നില്ലെന്നും വിമൽ പറഞ്ഞു.