തിരുവനന്തപുരം: അനുപമയുമായി ബന്ധപ്പെട്ട ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നുവെന്ന സൂചന നൽകിക്കൊണ്ടുള്ള ഫോൺ സംഭാഷണം പുറത്ത്. പരാതിക്കാരി അനുപമയും സിപിഎം നേതാവ് പി.കെ ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
അനുപമയും മാതാപിതാക്കളും തമ്മിലുള്ള വിഷയമാണ് ഇത്, നമുക്ക് വിഷയത്തിൽ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവരുന്നതിനു മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺസംഭാഷമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ ഈ വിഷയം പരിഹരിക്കാൻ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. വിഷയത്തിൽ ഇടപെടാൻ താൻ നിസ്സഹായയാണ്. തന്റെ ജില്ലയിലുള്ള വിഷയമല്ല ഇത്. താൻ മുഖ്യമന്ത്രിയോട് സംസാരിച്ചു. ആ കുട്ടിയും അച്ഛനും അമ്മയുമായി ബന്ധപ്പെട്ട വിഷയമാണ്. നമുക്കതിൽ റോളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീമതി പറഞ്ഞു.
അച്ഛനും അമ്മയും പാർട്ടി മെമ്പറല്ലേ, പാർട്ടിക്കൊന്നും അവർക്കെതിരേ ചെയ്യാൻ പറ്റില്ലേ എന്ന് അനുപമ ചോദിക്കുമ്പോൾ നിന്റെ അച്ഛനും അമ്മയുമായതുകൊണ്ടാണ്, വേറെ ആരെങ്കിലും ആണെങ്കിൽ ചെയ്തേനെ എന്ന് ശ്രീമതി മറുപടി പറയുന്നതായി കേൾക്കാം.
അനുപമ പരാതിയറിയച്ചതു പ്രകാരം സിപിഎം നേതാവ് വൃന്ദ കാരാട്ട് കോടിയേരി ബാലകൃഷ്ണനുമായി വിഷയം സംസാരിച്ചിരുന്നുവെന്നും ശ്രീമതി പറയുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രിയും നേതാക്കളും ഈ വിഷയം അറിഞ്ഞത് എന്ന പ്രതികരണമായിരുന്നു നേരത്തെ സിപിഎം ഈ വിഷയത്തിൽ നടത്തിയത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന സൂചനയാണ് ഫോൺ സംഭാഷണത്തിലുളളത്.