തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ. വിതുര, പൊൻമുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. കനത്ത പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. നെയ്യാറ്റിൻകര കൂട്ടപ്പനയിൽ മരുത്തൂർ പാലത്തിന്റെ പാർശ്വഭിത്തി തകർന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു.പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗർകോവിലിലേക്കുമുള്ള വാഹനങ്ങൾ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്. അതേസമയം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 220 സെന്റിമീറ്റർ ഉയർത്തി.
ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയിൽ വിഴിഞ്ഞം ഫിഷറീസ് ലാൻഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകൾ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ടായി.
നാഗർകോവിലിന് സമീപം ഇരണിയിലിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ നിർദേശിച്ചു.
അതേസമയം അടുത്ത 12 മണിക്കൂറിനുള്ളിൽ ആൻഡമാനിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദം മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരും. ശക്തികൂടി ഇത് തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ ഇപ്പോഴും ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
Content Highlights: Heavy rains in thiruvananthapuram district on high alert says collector