തിരുവനന്തപുരം: മുല്ലപ്പെരിയാറിൽതമിഴ്നാടിന് മരം മുറിക്കാൻ അനുമതി നൽകുന്നതിന് വനം സെക്രട്ടറിയും ഇടപെട്ടതിന് തെളിവ്. തമിഴ്നാടിന് അനുമതി നൽകാൻ വനം സെക്രട്ടറിയും സമ്മർദം ചെലുത്തിയെന്ന് വെളിവാക്കുന്ന രേഖകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. മരം മുറിയിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് വനം സെക്രട്ടറി ഉദ്യോഗസ്ഥർക്ക് അയച്ച കത്തിന്റെ പകർപ്പാണ് മാതൃഭൂമി ന്യൂസിന്ലഭിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യ കത്ത്. ഈ കത്തിൽ നടപടിയെടുക്കാത്തതിനാൽ ഉദ്യോഗസ്ഥർക്ക് വനം സെക്രട്ടറി വീണ്ടും കത്തുനൽകി.
മരം മുറിക്കാൻ ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സസ്പെൻഷനിലാകുമ്പോഴാണ് ഈ രണ്ട് കത്തുകളും പ്രസക്തമാകുന്നത്. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ വനപാലകൻ പി.കെ.കേശവൻ അടക്കമുള്ളവർ മുഖ്യമന്ത്രിയെയും വനം മന്ത്രിയേയും വെള്ളിയാഴ്ച നേരിട്ട് കണ്ടിരുന്നു. 2020 ഒക്ടോബർ 19-നാണ് ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനത്തെ ഉന്നതരായ നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യ കത്ത് നൽകുന്നത്. മുഖ്യ വനപാലകൻ, ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഫോറസ്റ്റ് മോനേജ്മെന്റ് പ്രിൻസിപ്പൽ കൺസർവേറ്റർ, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആ ഭാഗത്ത മരങ്ങൾ മുറിച്ചു നീക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഈ കത്ത് അയച്ചതിന് ശേഷവും വളരെ സെൻസിറ്റീവായ വിഷയമായതിനാൽ വിഷയത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ നടപടി എടുക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ശക്തമായ ഭാഷയിൽ കഴിഞ്ഞ ജൂലായിൽ മറ്റൊരു കത്ത് കൂടി നൽകുകയായിരുന്നു. ഇതിനുശേഷമാണ് മരം മുറിക്ക് അനുമതി നൽകുന്ന തരത്തിലേക്കുള്ള നടപടിയെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറായതെന്നാണ് സൂചന. ഈ നടപടി ക്രമങ്ങൾ അറിഞ്ഞില്ലെന്ന് മന്ത്രി പറയുമ്പോഴാണ് വനം സെക്രട്ടറി വിഷയത്തിൽ സമ്മർദം ചെലുത്തിക്കൊണ്ടുള്ള രണ്ട് കത്തുകൾ ഉദ്യോഗസ്ഥർക്ക് അയച്ച വിവരം പുറത്തുവരുന്നതെന്നുള്ളത് ശ്രദ്ധേയമാണ്.
Content Highlights:letters revealing forest secretary putting pressure on officers in mullaperiyar issue