കൊച്ചി: മോൻസൺ വിവാദത്തിൽ കെ സുധാകരന് വേണ്ടി ഒത്തുതീർപ്പിന് സഹായി എത്തിയെന്ന് പരാതിക്കാർ. യൂത്ത് കോൺഗ്രസ് നേതാവായ എബിൻ ആണ് പരാതിക്കാരെ സന്ദർശിച്ചത്. പരാതിക്കാരുമായി കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രണ്ട് ദിവസം മുൻപാണ് കെ സുധാകരനെ മോൻസൺ മാവുങ്കലിന് പരിചയപ്പെടുത്തിയ എബിൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തി പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. നിരവധി തവണ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. നേരിട്ട് കാണണെന്ന് എബിൻ ആവശ്യപ്പെട്ടത് പ്രകാരമാണ് ഹോട്ടലിൽ വെച്ച് കണ്ടത്. കെ സുധാകരനെ അനാവശ്യമായി കേസിൽ വലിച്ചിഴയ്ക്കരുതെന്ന് എബിൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരനായ ഷമീർ വ്യക്തമാക്കി.
അതേസമയം പരാതിക്കാരെ കണ്ടത് ഒത്തുതീർപ്പിനല്ലെന്ന് കോൺഗ്രസ് നേതാവായ എബിൻ പറഞ്ഞു. എന്തിനാണ് ഒത്തുതീർപ്പ് നടത്തേണ്ടത്. ഒത്തുതീർപ്പിന്റെ ആവശ്യം പോലും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല. പരാതിക്കാരേയും സംഘത്തേയും നേരത്തെ തന്നെ അറിയുന്ന ആളുകളാണ്. യാദൃശ്ചികമായാണ് കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിൽ അസ്വഭാവികത ഒന്നുമില്ലെന്നും എബിൻ പറഞ്ഞു.
മോൻസൻ മാവുങ്കലിനെ കെ സുധാകരൻ സന്ദർശിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. എന്നാൽ വിവാദങ്ങളെ തള്ളി കെ സുധാകരൻ രംഗത്തെത്തി. താൻ മോൻസനെ ഡോക്ടർ എന്ന നിലയ്ക്ക് ചികിത്സയിക്കായി ബന്ധപ്പെട്ടിരുന്നുവെന്നും അല്ലാതെ മോൻസനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മോൻസന്റെ വീട്ടിൽപോയിരുന്നപ്പോൾ വിലപിടിപ്പുള്ള പുരാവസ്തുക്കൾ കണ്ടിട്ടുണ്ടെന്നും മോൺസന്റെ വീട്ടിൽ താമസിച്ചിട്ടില്ലെന്നും തനിക്കെതിരെ പുറത്ത് വന്ന ആരോപണങ്ങൾ അടി സ്ഥാനരഹിതമാണെന്നും സുധാകരൻ പറഞ്ഞു.