കൊച്ചി: മുൻ മിസ് കേരളഅൻസി കബീർ അടക്കംമൂന്നുപേർ മരിക്കാനിടയായവാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തൽ. ഹോട്ടലിൽ നിന്നും ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകി.
പാർട്ടിക്ക് ശേഷം ഈ കാർ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നും ഡ്രൈവർഅബ്ദുൾ റഹ്മാൻ മൊഴി നൽകിയിട്ടുണ്ട്. ഡ്രൈവർക്കെതിരെ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
അപകടത്തിന്റെ ചില സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അതിൽ ഒരു കാറ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാർട്ടി നടന്ന ഹോട്ടലിലേക്കെത്തുകയും കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടർന്ന കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടൽ ഉടമയായ റോയി ആണ് എന്നാണ് പോലീസിന് സംശയമുള്ളത്.എന്നാൽ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന് ഉടമയുടെ ഡ്രൈവർ പോലീസിന് മൊഴിനൽകിയിരുന്നു.
റോയിയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് റോയിയുടെ ഡ്രൈവർ മെൽവിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി.ജെ പാർട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടർന്ന് പിന്തുടർന്നതാണോഎന്നതടക്കമുള്ള കാര്യങ്ങളാണ് സംശയിക്കുന്നത്.
ഒക്ടോബർ 31-ന് രാത്രി നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അൻസി കബീർ, അൻജന ഷാജൻ, ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുൻ മിസ് കേരള വിജയികളായ അൻസി കബീറും അൻജന ഷാജനും തൽക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു.കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി നടന്ന ഹോട്ടൽ എക്സൈസ് അധികൃതർ പൂട്ടിക്കുകയും ചെയ്തിരുന്നു.
Content Highlights: Kerala models car accident case