ഇടുക്കി: ഇടുക്കി ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ട്ശനിയാഴ്ച തുറക്കും. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ഡാമുകളായ ഇടുക്കിയിലെയും മുല്ലപ്പെരിയാറിലെയും ജലനിരപ്പ് ഉയരുകയാണ്. 139.5 അടിയാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398.46 അടിയായി ഉയർന്നു.റൂൾ കെർവ് പ്രകാരം ജലനിരപ്പ് 2399.03 അടിയിലെത്തിയാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും.
മുൻകരുതൽ എന്ന നിലയിലാണ് ഇപ്പോൾഡാം തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കനത്ത മഴ മുന്നറിയിപ്പുള്ളതും ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടർ ഉയർത്താൻ തീരുമാനമായത്. വൈഗ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി നിൽക്കുന്നതിനാൽ തമിഴിനാടിന് നിലവിൽ മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്.
സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുക. അതിനാൽതന്നെ പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വ്യത്യാസമുണ്ടാകാൻ സാധ്യതയില്ലെന്നും ആശങ്കയ്ക്ക് വകയില്ലെന്നുമാണ് അധികൃതർ പറയുന്നത്. എങ്കിലും ജാഗ്രത പാലിക്കണമെന്ന് നിർദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്.
Content Highlights: Idukki Cheruthoni Dam shutter to be opened today as water level rises