തിരുവനന്തപുരം
മുല്ലപ്പെരിയാർ ബേബി ഡാമിൽ മരം മുറിക്കാൻ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയത് വസ്തുത മറച്ചുവച്ചും നിയമം ലംഘിച്ചും. മരം മുറിക്കാനുള്ള അനുമതിക്ക് കേരള സർക്കാരിനോടുള്ള ശുപാർശയാണ് തമിഴ്നാട്, വനം വകുപ്പിനോട് ചോദിച്ചത്. എന്നാൽ, മുറിക്കാനുള്ള അനുമതി തന്നെ ഉദ്യോഗസ്ഥൻ നൽകി. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സുനീഷ് ബാബു ചൂണ്ടിക്കാട്ടിയ തടസ്സം മറികടന്നായിരുന്നു നടപടി.
വന്യമൃഗ സംരക്ഷണ നിയമത്തിന്റെ വകുപ്പ് 29 പ്രകാരം മരംമുറിക്കാനാകില്ല എന്നാണ് ഡെപ്യൂട്ടി ഡയറക്ടർ കത്തിൽ വ്യക്തമാക്കിയത്. കൂടാതെ അണക്കെട്ട് പരിസരത്ത് അനധികൃതമായി പ്രവേശിച്ച് മരം മാർക്ക് ചെയ്തതിന് തമിഴ്നാട് ജലവകുപ്പ് എഇക്കെതിരെ 2016ൽ കേസെടുത്ത കാര്യവും കത്തിലുണ്ട്. പീരുമേട് കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഈ മരമാണ് മുറിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കത്തിലുണ്ട്. ഇക്കാര്യമെല്ലാം അവഗണിച്ചായിരുന്നു ബെന്നിച്ചൻ തോമസിന്റെ നടപടി. ഇതോടെ വിവാദ ഉത്തരവിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്ന സംശയവും ഉയരുന്നു.
എന്നാൽ, മുല്ലപ്പെരിയാർ ഉടമ്പടി പ്രകാരം അറ്റകുറ്റപ്പണിക്ക് മരം മുറിക്കാൻ വ്യവസ്ഥയുണ്ടെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിശദീകരണം. 2006ലും 2014 ലും സുപ്രീംകോടതി വിധിയുണ്ടെന്ന ന്യായവും നിരത്തുന്നുണ്ട്. അതേസമയം, ജനുവരി 22ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ‘ഉടമ്പടിയിൽ വ്യവസ്ഥ ഉണ്ടായാലും നിയമത്തിന് വിധേയമായേ അനുമതി നൽകാനാകൂ’ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കടുവാ സങ്കേതമായതിനാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ദേശീയ വന്യമൃഗ ബോർഡിന്റെയും അനുമതിയും വനഭൂമി പരിവർത്തന ക്ലിയറൻസും വേണം. സെപ്തംബർ 17ന് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അനുമതി കാര്യം പരിശോധനയിലാണെന്ന് മാത്രമാണ് പറഞ്ഞത്. അന്തർ സംസ്ഥാന വിഷയമായതിനാൽ സർക്കാർ അംഗീകാരമില്ലാതെ ഉത്തരവിടാനും പാടില്ലെന്ന നിബന്ധനയും പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ് റദ്ദാക്കി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.