വേങ്ങര> സംസ്ഥനത്ത് ആദ്യമായി ഹാന്‍സ് നിര്‍മ്മിച്ച് പാക്കുചെയ്യുന്ന ഫാക്ടറി കണ്ടെത്തി. റെയ്ഡില്‍ നാലുപേര്‍ പിടിയില്‍. പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തു.
വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയില് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയിലാണ് പരിശോധന നടത്തിയത്.പൊലീസ് സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കാങ്കടകടവന് അഫ്സല്, (30), തിരൂരങ്ങാടി എ ആര് നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25) അന്യസംസ്ഥാന തൊഴിലാളി ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പ്രതീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയത്.
5 ലക്ഷത്തോളം വില വരുന്ന 3 യൂണിറ്റുകളാണ് 5 മാസത്തോളമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്കൃത വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും രണ്ട് ഓട്ടോമാറ്റിക് പാക്കിംഗ് യന്ത്രവും മറ്റു വസ്തുക്കളും എത്തിച്ചിരുന്നു .രാത്രിയില്‍ ഫാക്ടറിയില്‍ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തികൊണ്ടുപോയിരുന്നത്. ബീഡി നിര്‍മ്മാണം എന്നാണ് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
പിടികൂടിയ ഹംസക്ക് പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസി നു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് സംഘം പക്കിംഗ് കേന്ദ്രത്തില്‍ എത്തിയത്. മലപ്പുറം ഡി വൈ എസ് പി, പി എം പ്രദീപ്, വേങ്ങര ഇന്‍സ്പക്ടര്‍ എ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി .സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.