തിരുവനന്തപുരം: എംബിബിഎസ് ഡോക്ടർമാരെ കുറിച്ച് നിയമസഭയിൽ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എഎൻ ഷംസീർ എംഎൽഎ. എംബിബിഎസ് ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിലല്ല താൻ പ്രസംഗത്തിൽ ഉദ്ദേശിച്ചത്. വിവാദ പരാമർശം നിയമസഭ രേഖകളിൽ നിന്ന് പിൻവലിക്കുമെന്നും ഷംസീർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്ന എ എൻ ഷംസീർ എം എൽ എയുടെ നിയമസഭയിലെ പരാമർശം ഏറെ വിവാദമായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിർമാണ അവതരണ വേളയിലാണ് ഷംസീർ ഇത്തരം പരാമർശം നടത്തിയത്. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വെച്ചുകൊണ്ട് ഡോക്ടർമാർ പീഡിയാട്രിക് ചികിത്സ നൽകുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. എംഎൽഎയുടെ പ്രസംഗത്തിനെതിരേ നിരവധി ഡോക്ടർമാർ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എംഎൽഎയുടെ വിശദീകരണം.
എഎൻ ഷംസീർ എംഎൽഎയുടെ വാക്കുകൾ
കഴിഞ്ഞ നവംബർ 9ന് നിയമസഭയിൽ നടത്തിയ എന്റെ പ്രസംഗത്തിൽ എംബിബിഎസ് ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കടന്നുകൂടിയിട്ടുണ്ട്. അത് പിതൃതുല്യരായ ചില ഡോക്ടർമാരും ഐഎംഎ ഭാരവാഹികളും ശ്രദ്ധയിൽപ്പെടുത്തി. അത് നിയമസഭാ രേഖകളിൽ തിരുത്താൻ അപ്പോൾ തന്നെ കത്തുകൊടുത്തു. എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലർ പി.ജി ഉണ്ടെന്ന തരത്തിൽ ചിലയിടത്ത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ പ്രാക്ടീസ് ബില്ലിലൂടെ ഇത്തരം പ്രവണതകൾ തടയണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അത് അവതരിപ്പിക്കപ്പെട്ടുവന്നപ്പോൾ നാക്കുപിഴ സംഭവിച്ചു. അത് എംബിബിഎസ് ഡോക്ടർമാർക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഞാൻ ആഗ്രഹിക്കാത്ത കാര്യമാണ് പുറത്തുവന്നത്. എന്റെ ഉദ്ദേശ്യശുദ്ധി എംബിബിഎസ് ഡോക്ടർമാർ മനസ്സിലാക്കുമെന്ന് കരുതുന്നു.
Read More at :എംബിബിഎസ് ഉള്ളവർ ഗൈനക്കോളജിയും പീഡിയാട്രിക്സും നോക്കേണ്ട; പുലിവാല് പിടിച്ച് എഎൻ ഷംസീർ