നെന്മാറ:കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. കാട്ടുപന്നിയുടെ ശല്യം തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിലാണ് മൃതദേഹവുമായി പ്രതിഷേധിച്ചത്.
ബന്ധുക്കളും നാട്ടുകാരും ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡിൽ മൃതദേഹം കിടത്തി അവിടെ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വ്യാഴാഴ്ച ടാപ്പിങ്ങിനിടെയാണ് അയിലൂർ ഒലിപ്പാറ കണിക്കുന്നേൽ മാണി കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികൾ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
ഇനി ഒരു രക്തസാക്ഷി കൂടി ഉണ്ടാവരുത് അതിനായി കാട്ടുപന്നികളുടെ ശല്യം തടയാൻ നടപടി വേണം എന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇടയ്ക്ക് റബ്ബർ തോട്ടങ്ങളിലും മറ്റും പുലിയുടെ സാന്നിധ്യം കാണപ്പെട്ടിരുന്നു. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിനുള്ള നിയമം നിലവിലുണ്ടായിട്ടും അതിനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.