തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തെക്കൻ അൻഡമാൻ കടലിൽ ശനിയാഴ്ച പുതിയ ന്യൂനമർദംരൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ മഴയുടെ മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ കാറ്റിന്റെ വേഗത കൂടി ശക്തമായതിനാൽ അടുത്ത മണിക്കൂറുകളിൽ മലയോര മേഖലകളിൽ ഉൾപ്പെടെ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശത്തും ജാഗ്രതാ മുന്നറിയിപ്പുണ്ട്.
നിലവിൽ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും പാലക്കാട്, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്താലാണ് ഇപ്പോൾ ലഭിക്കുന്ന മഴ. പുതിയ ന്യൂനമർദം കൂടി രൂപപ്പെടുന്നതോടെ മഴ ശക്തിപ്രാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
content highlights:new low pressure is likely to form, meteorological department warned