ദുബായ്
സംഘശക്തിയിൽ കിവികൾ പറക്കുന്നു. തുടർച്ചയായി മൂന്നാം ലോകകപ്പ് ഫൈനൽ. കെയ്ൻ വില്യംസണിനു കീഴിൽ ന്യൂസിലൻഡ് ലോക ക്രിക്കറ്റിലെ ശക്തരായി മാറിയിരിക്കുന്നു. ട്വന്റി–-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഫൈനലിൽ എത്തിയതോടെ കിവികൾ അപൂർവനേട്ടം കൈവരിച്ചു. തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലിനാണ് കെയ്ൻ വില്യംസണും കൂട്ടരും ഒരുങ്ങുന്നത്. 2019 ഏകദിന ലോകകപ്പിലും ഈ വർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനൽ കളിച്ചു. ആദ്യത്തേതിൽ അവിശ്വസനീയ തോൽവിയെങ്കിൽ രണ്ടാമത്തേതിൽ അസാധ്യജയം. 2015 ഏകദിന ലോകകപ്പിലും ഫൈനൽ കളിച്ചു. 2016ലെ ട്വന്റി–-20 ലോകകപ്പിൽമാത്രമാണ് മങ്ങിയത്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും തുടർജയങ്ങൾ ശീലമാക്കുകയാണ് ന്യൂസിലൻഡ്. സൂപ്പർ താരങ്ങളല്ല കൂട്ടായ്മയാണ് കരുത്ത്. വില്യംസണെയും പേസർ ട്രെന്റ് ബോൾട്ടിനെയും ഒഴിച്ചുനിർത്തിയാൽ ആഘോഷിക്കപ്പെടുന്ന ഒരു താരവും കിവി നിരയിൽ ഇല്ല. കളിയിലും കളിക്കളത്തിലും മാന്യന്മാരുടെ സംഘം. ഒടുക്കംവരെ പൊരുതാനുള്ള വീര്യമാണ് കരുത്ത്.
കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടുമായുള്ള ഫൈനൽ നാടകീയത നിറഞ്ഞതായിരുന്നു. നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ഇരുടീമുകളുടെയും സ്കോർ തുല്യമായപ്പോൾ ആകെ നേടിയ ബൗണ്ടറി കണക്കിൽ ഇംഗ്ലണ്ട് കിരീടമുയർത്തി. സിക്സറും ഫോറും ഉൾപ്പെടെ കളിയിൽ ഇംഗ്ലണ്ട് നേടിയത് 26 എണ്ണം. ന്യൂസിലൻഡാകട്ടെ പതിനേഴും. ലോർഡ്സിൽ കണ്ണീരണിഞ്ഞ് കളംവിട്ട വില്യംസണും പടയാളികളും പക്ഷേ നിരാശപ്പെട്ടില്ല. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ വീഴ്ത്തി അർഹിച്ച കപ്പിൽ മുത്തമിട്ടു.
ലോർഡ്സിൽ വീണ കണ്ണീരിന് ദുബായിൽ കിവികൾ പ്രതികാരം ചെയ്തു. ഇത്തവണ ബൗണ്ടറി കണക്കിലും ന്യൂസിലൻഡായിരുന്നു മുന്നിൽ. കിവികൾ 19, ഇംഗ്ലണ്ട് 18. 2016ൽ ബ്രണ്ടൻ മക്കെല്ലത്തിന്റെ പിൻഗാമിയായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത വില്യംസണാണ് ഈ വിജയക്കൂട്ടിനുപിറകിൽ. തീരുമാനം എടുക്കുന്നതിലും കളിക്കാരെ മനസ്സിലാക്കി ഉപയോഗിക്കുന്നതിലും വില്യംസനോളംപോന്ന ഒരു നായകനും നിലവിൽ ലോക ക്രിക്കറ്റിലില്ല. ദുബായിൽ ഞായറാഴ്ച കന്നി ട്വന്റി–-20 ലോകകിരീടം തേടിയിറങ്ങുമ്പോൾ വില്യംസണിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡിന്റെ പ്രതീക്ഷകളെല്ലാം.