തിരുവനന്തപുരം
റെയിൽവേ, ഗുഡ്സ് വാഗണുകൾ അനുവദിക്കാത്തതിനാൽ സംസ്ഥാനത്തിന് അനുവദിച്ച രാസവളം വിവിധ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നു. ആന്ധ്രയിലെ കാക്കിനട, കർണാടകയിലെ മംഗളൂരു, തമിഴ്നാട്ടിലെ ചെന്നൈ തുറമുഖങ്ങളിൽ പൊട്ടാഷും യൂറിയയുമാണ് കെട്ടിക്കിടക്കുന്നത്.
മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത് കൃഷി സജീവമാണ്. രാസവളം ഏറ്റവും അത്യാവശ്യമായ സമയവും. എന്നാൽ വളത്തിന് ക്ഷാമം രൂക്ഷമാണ്. കൃഷി മന്ത്രി പി പ്രസാദ് കേന്ദ്രത്തിന് കത്തയച്ചതിനെ തുടർന്നാണ് വളം അനുവദിച്ചത്. ഇതാണ് സംസ്ഥാനത്ത് എത്തിക്കാനാകാത്തത്. രാസവളം എത്തിക്കാൻ അടിയന്തരമായി വാഗൺ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
രാസവളത്തിന്റെ വില കുത്തനെ വർധിപ്പിച്ചതിന് പിന്നാലെയാണ് ക്ഷാമം. മിശ്രിത വളങ്ങൾക്കുൾപ്പെടെ ക്ഷാമം രൂക്ഷമാണ്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില ടണ്ണിന് 24,000 രൂപയിൽനിന്ന് 38,000 ആയും എൻപികെ -ഒന്നിന് 23,500ൽനിന്ന് 35,500 രൂപയാക്കിയും വില കൂട്ടിയിരുന്നു. മറ്റു വളങ്ങൾക്കും ഇരട്ടിയിലധികമാക്കി വില.