കൊച്ചി
മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയിൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാൻ നീക്കം ശക്തമാക്കി വി കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം. വിഷ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ വാർഷികാഘോഷം എന്നപേരിൽ 14ന് ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ വി കെ ഇബ്രാഹിംകുഞ്ഞ് പക്ഷത്തിന്റെ കൺവൻഷൻ ചേരും. 21ന് ലീഗ് സംസ്ഥാന നേതൃത്വം പങ്കെടുത്ത് ചേരുന്ന ജില്ലാ പ്രവർത്തക കൺവൻഷന് ബദലായാണ് ഇബ്രാഹിംകുഞ്ഞ് പക്ഷത്തിന്റെ സമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിലുണ്ടായ പരാജയമേൽപ്പിച്ച ക്ഷീണത്തിൽനിന്ന് കരകയറാനുള്ള പരിപാടി ആവിഷ്കരിക്കാനാണ് പ്രവർത്തക കൺവൻഷൻ ചേരുന്നത്. ഇതിനുപിന്നാലെയാണ് വിഷ് ഫൗണ്ടേഷൻ സമ്മേളനം തീരുമാനിച്ചത്. കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൾ ഗഫൂർ മത്സരിച്ചപ്പോൾ സൈബർ പ്രചാരണത്തിന് രൂപീകരിച്ച ഗ്രൂപ്പാണ് വിഷ് ഫൗണ്ടേഷൻ. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലാണ് ഇതിലേക്ക് ആളെ കൂട്ടുന്നത്. ഗഫൂറിന്റെ നേതൃത്വത്തിൽ ജില്ലയിലാകെ രഹസ്യ ഗ്രൂപ്പുയോഗങ്ങളും നടന്നുവരുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽ ഇബ്രാഹിംകുഞ്ഞിനെതിരായ അഹമ്മദ് കബീർ വിഭാഗത്തിനാണ് മേൽക്കൈ. പതിനാറംഗ ജില്ലാ കമ്മിറ്റിയിൽ ആറുപേർമാത്രമാണ് ഇബ്രാഹിംകുഞ്ഞിനൊപ്പമുള്ളത്. തെരഞ്ഞെടുപ്പുസമയത്ത് ഇബ്രാഹിംകുഞ്ഞ് വിഭാഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായിരുന്നു. അബ്ദുൾ ഗഫൂർ സ്ഥാനാർഥിയായപ്പോൾ ഒത്തുതീർപ്പുവ്യവസ്ഥപ്രകാരം ജനറൽ സെക്രട്ടറി സ്ഥാനം എതിർപക്ഷത്തെ ഹംസ പാറക്കാടന് നൽകി. എന്നാൽ, തെരഞ്ഞെടുപ്പിൽ തോറ്റതോടെ ഇബ്രാഹിംകുഞ്ഞ് പക്ഷത്തിന് സിറ്റിങ് സീറ്റും ജില്ലാ കമ്മിറ്റിയിലെ മേൽക്കൈയും ഇല്ലാതായി.
വീണുകിട്ടിയ ജില്ലാ ജനറൽ സെക്രട്ടറിസ്ഥാനം ഉപയോഗിച്ച് അഹമ്മദ് കബീർ വിഭാഗം സ്വാധീനം വർധിപ്പിച്ചതോടെയാണ് വിമതപക്ഷം നീക്കം ശക്തമാക്കിയത്. തെരഞ്ഞെടുപ്പുതോൽവിക്കുശേഷം ഇബ്രാഹിംകുഞ്ഞ് വിഭാഗം ജില്ലാ കമ്മിറ്റി യോഗങ്ങളിൽനിന്ന് പതിവായി വിട്ടുനിൽക്കുകയാണ്. പാർടി പത്രത്തിന്റെ പ്രചാരണവും ബഹിഷ്കരിച്ചു. ബുധനാഴ്ച കോതമംഗലത്ത് നടന്ന മേഖലാ യോഗത്തിലും പങ്കെടുത്തില്ല. സംസ്ഥാന നേതൃത്വത്തിൽനിന്ന് ഇബ്രാഹിംകുഞ്ഞിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറിസ്ഥാനം ഉൾപ്പെടെ തിരിച്ചുപിടിച്ച് സ്വാധീനം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ള വിമതനീക്കം.