തിരുവനന്തപുരം
പിഎസ്സിയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥി നേരിട്ട് ഹാജരാകാതെ പ്രമാണപരിശോധന നടത്താനുള്ള ഡിജി ലോക്കർ സംവിധാനം പ്രാവർത്തികമായി. ഇതോടെ വിവിധ സ്ഥാപനങ്ങൾ ഡിജിറ്റൽ ഡോക്യുമെന്റായി ഡിജി ലോക്കറിൽ നിക്ഷേപിക്കുന്ന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ഉദ്യോഗാർഥിക്ക് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം. സർട്ടിഫിക്കറ്റ് ഉദ്യോഗാർഥി ഹാജരാകാതെ തന്നെ പിഎസ്സിയുടെ പരിശോധനാ വിഭാഗത്തിനു കാണാനും പരിശോധിക്കാനും സാധിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു പിഎസ്സിക്ക് ഡിജി ലോക്കർ വഴി പ്രമാണപരിശോധന നടത്താനുള്ള ആധികാരികത ലഭിക്കുന്നത്. സംസ്ഥാന ഐടി മിഷൻ, സംസ്ഥാന ഇ–-ഗവേണൻസ് മിഷൻ ടീം, ദേശീയ ഇ–-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം പ്രവർത്തിക്കുക. ഐടി നിയമത്തിലെ റൂൾ–-9 പ്രകാരം ഡിജി ലോക്കർ വഴി ലഭ്യമാകുന്ന പ്രമാണങ്ങൾ അസ്സൽ പ്രമാണമായി തന്നെ പരിഗണിക്കാം.
കണ്ണൂരിലെ ഒരു ഉദ്യോഗാർഥിയുടെ സിടിഇടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സർട്ടിഫിക്കറ്റ് ഡിജി ലോക്കർ വഴി അപ്ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്തി പിഎസ്സി ചെയർമാൻ അഡ്വ. എം കെ സക്കീർ സംവിധാനം ഉദ്ഘാടനം ചെയ്തു. കമീഷൻ അംഗങ്ങളായ സ്റ്റാനി തോമസ്, ബോണി കുര്യാക്കോസ്, ഐടി മിഷൻ ഡയറക്ടർ സ്നേഹിൽകുമാർ സിങ്, കേരള ഐടി മിഷൻ ടെക്നോളജി ഹെഡ് രാജീവ് പണിക്കർ, പിഎസ്സി അഡീഷണൽ സെക്രട്ടറി വി ബി മനുകുമാർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആർ മനോജ്, അണ്ടർ സെക്രട്ടറി കെ പി രമേഷ് കുമാർ എന്നിവർ സംസാരിച്ചു.