ഗ്ലാസ്ഗോ
വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സമ്പന്ന രാജ്യങ്ങൾക്കുണ്ടെന്നും പ്രതിവർഷം 10,000 കോടി ഡോളർ സമാഹരിക്കുമെന്ന വാഗ്ദാനങ്ങൾ പാലിക്കാന്‍ തയ്യാറാകണമെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രി.
ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി വിജയിപ്പിക്കുന്നതിന് ധനകാര്യത്തിലെ പോരായ്മകൾ പരിഹരിക്കേണ്ടത് പരമപ്രധാനമാണെന്നും അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിൽ ഭൂപേന്ദർ യാദവ് പറഞ്ഞു.2020 വരെ ദരിദ്ര രാജ്യങ്ങൾക്ക് ഓരോ വർഷവും 10,000 കോടി ഡോളർ കാലാവസ്ഥാ ധനസഹായം നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ സമ്പന്ന രാഷ്ട്രങ്ങൾ പരാജയപ്പെട്ടു. നിലവിൽ, സമ്പന്ന രാജ്യങ്ങൾ പ്രതിവർഷം 8000 കോടി ഡോളർ ഈ ലക്ഷ്യത്തിനായി സമാഹരിക്കുന്നുണ്ട്.
എന്നാല്‍, ശുദ്ധമായ ഊർജ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനും ഈ തുക മതിയാകില്ല.കാലാവസ്ഥാ ധനസഹായം ജീവകാരുണ്യമല്ലെന്നും സമ്പന്ന രാജ്യങ്ങളുടെ കടമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഗ്ലാസ്ഗോയില്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കുന്ന രണ്ടാഴ്ചത്തെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ഭൂപേന്ദർ യാദവാണ്.