വടകര > ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണക്കായി കോടതിയിൽ ഹാജരാകാനെത്തിയ പ്രതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ മണിക്കൂറുകൾക്കകം മൂന്നുപേർ പിടിയിലായി. ഇരിക്കൂർ സ്വദേശികളായ ചെക്കിനകത്ത് മുബഷീർ(25), താഴെ പുറവിൽ ഷഫീർ(31), കെ ടി ഹൗസിൽ മനാഫ്(32) എന്നിവരെയാണ് വടകര സിഐ കെ കെ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പകൽ11ഓടെ നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന വടകര എന്‍ഡിപിഎസ് കോടതി പരിസരത്തുനിന്നാണ് കഞ്ചാവുകേസിൽ വിചാരണയ്ക്ക് ഹാജരാകാനെത്തിയ തളിപ്പറമ്പ് സ്വദേശി കുറുമാത്തൂര്‍ കടവ് ചപ്പന്റകത്ത് ജാഫറിനെ (48) കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. തലശേരിയിലെ സുഹൃത്ത് ഷംസീറിനൊപ്പമാണ് ജാഫർ കോടതിയിലെത്തിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കെഎല്‍ 60 സി 8523 നമ്പര്‍ സ്വിഫ്റ്റ് കാറിന്റെ നമ്പർ ലഭിച്ചതാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ സഹായിച്ചത്.
മൂന്നുപേര്‍ ചേര്‍ന്നാണ് ജാഫറിനെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയതെന്ന് സുഹൃത്ത് ഷംസീർ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. പകൽ ഒന്നരയോടെ ഇരിക്കൂർ പൊലീസിന്റെ സഹായത്തോടെ ഇരിക്കൂർ പാലത്തിനു സമീപംവച്ച് വടകര പൊലീസ് പ്രതികളെ പിടികൂടി രാത്രി ഏഴോടെ വടകരയിലെത്തിച്ചു.
കഞ്ചാവു കേസിൽ പ്രതിയാണ് ജാഫർ. തലശേരി, പാനൂർ പൊലീസ് സ്റ്റേഷനുകളിലും, തളിപ്പറമ്പ് എക്സൈസ് റേഞ്ചിലും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിലൊരു കേസിൽ ഹാജരാകാനാണ് വ്യാഴാഴ്ച വടകര കോടതിയിലെത്തിയത്. ഇപ്പോൾ അറസ്റ്റിലായ മൂവരും കഞ്ചാവ് വ്യാപാരം നടത്താൻ ഒന്നര ലക്ഷം രൂപ ജാഫറിന് നൽകിയിരുന്നു. ഈ പണം ലഭിക്കാതായതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.
ആരോഗ്യവകുപ്പിൽ ജീവനക്കാരിയാണ് ജാഫറിന്റെ ഭാര്യ. ഭാര്യയെ വിളിച്ച് വിലപേശി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി പ്രതികളിൽ ഒരാളായ ഇരിക്കൂറിലെ മുബഷീറിന്റെ വീട്ടിൽ എത്തിക്കാനായിരുന്നു പദ്ധതി. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.