തിരുവനന്തപുരം:ഇന്ധന നികുതിയെ ചൊല്ലി സഭയിൽ കൊമ്പുകോർത്ത് ധനമന്ത്രിയും പ്രതിപക്ഷ നേതാവും.കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാനങ്ങളും ഇന്ധനനികുതിയിൽ ഇളവ് വരുത്തിയപ്പോൾ കേരളം മാത്രം ഇളവ് വരുത്തിയില്ലെന്നും ഇതിന് സംസ്ഥാന സർക്കാർ തയാറാവണമെന്നുമായിരുന്നുസഭയിൽ പ്രതിപക്ഷത്തിൻറെ പ്രധാന ആവശ്യം.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ മറുപടി പറഞ്ഞ ധനമന്ത്രി സഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയപ്പോൾ കേരളത്തിൽ ആനുപാതികമായി കുറഞ്ഞതല്ലെന്നും ഇത് സർക്കാർ കുറച്ചതാണെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിൽ എൽഡിഎഫ് സർക്കാർ നികുതി കൂട്ടിയിട്ടില്ലെന്നും യുഡിഎഫാണ് നികുതി കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
പത്തൊൻപത് പേരെ ഡൽഹിയിലേക്ക് അയച്ചിട്ടുണ്ടല്ലോയെന്നും അവരോട് കാളവണ്ടിയിൽ പാർലമെന്റിൽ പോകാൻ പറയണമെന്നും പരിഹാസരൂപേണ ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതിന് പിന്നാലെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇന്ധന നികുതി കുറച്ചെന്നുപറഞ്ഞ് പാർട്ടിക്കാരെ പറ്റിക്കാൻ പറ്റും. പക്ഷേ, ജനങ്ങളെ പറ്റിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അടിയന്തരപ്രമേയം ഉന്നയിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭയിലെത്തിയത്.
Content Highlights:finance minister and opposition leaders lock horns in legislative assembly