തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വായ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ട സാഹചര്യമാണ് കേരളത്തിനുള്ളത്. റവന്യു വരുമാനത്തിന്റെ 21 ശതമാനവും നിലവിൽ വായ്പ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ടി വരുന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. റവന്യൂ വരുമാനം കൂടിയെങ്കിലും നികുതി വരുമാനത്തിൽ വളർച്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇതിനു പിന്നാലെ 2018ലെ മഹാ പ്രളയത്തിൽ സംസ്ഥാനത്തിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞ് സിഎജി റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രളയ നിയന്ത്രണത്തിൽ സർക്കാറിന് വീഴ്ചയുണ്ടായി എന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. പ്രളയമുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്ചയുണ്ടായി. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ല. പ്രളയനിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജലനയത്തിലില്ല തുടങ്ങിയ രൂക്ഷമായ വിമർശനവും റിപ്പോർട്ടിലുണ്ട്.
വലിയ സ്കെയിലിലുള്ള ഫ്ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. നിലവിലുള്ള ഫ്ളഡ് മാപ്പ് ജലകമ്മീഷന്റെ പ്രളയസാധ്യത പ്രദേശങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയില്ല. സംസ്ഥാനം തയ്യാറാക്കിയ മാപ്പ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത മാനദണ്ഡങ്ങൾക്ക് അനുസൃതമല്ല. മഴ നദിയുടെ ഒഴുക്ക് എന്നിവർ തൽസമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല അഞ്ചുവർഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തൽസമയ ഡേറ്റ നൽകുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അണക്കെട്ട് സൈറ്റുകളിലും സർക്കാർ ഓഫീസുകളിലും ആശയവിനിമയ സംവിധാനം 2018ലെ പ്രളയ സമയത്തിനും അതിനുശേഷവും പ്രവർത്തനക്ഷമമല്ല. 32 റെയിൻ ഗേജുകൾ ആവശ്യമായ പെരിയാർ നദീതടത്തിൽ ആറ് റെയിൻ ഗേജുകൾ മാത്രമാണ് മഴ അളക്കുന്നത്. മഴ നദിയുടെ ഒഴുക്ക് എന്നിവ തൽസമയം ലഭ്യമാക്കാനുള്ള സംവിധാനവും ഇല്ലെന്നും റിപ്പോർട്ട് പറയുന്നു.
മാത്രമല്ല ഇടമലയാർ അണക്കെട്ടിന് 2018ലെ പ്രളയകാലത്ത് റൂൾകർവ് ഉണ്ടായിരുന്നില്ല എന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2018ലെ പ്രളയം വരെ ഇടുക്കി അണക്കെട്ടിലെ റൂൾ കർവ് പുനരവലോകനം ചെയ്തില്ല എന്ന കാര്യവും സിഎജി പരാമർശിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ 2011 നും 2019 നും ഇടയിൽ സംഭരണശേഷി സർവ്വേ നടത്തിയില്ല എന്ന കാര്യവും റിപ്പോർട്ടിൽ പറയുന്നു.
സിയാൽ വിമാനത്താവളം കമ്മീഷൻ ചെയ്ത് 20 കൊല്ലം കഴിഞ്ഞിട്ടും തദ്ദേശ വാസികളെ പ്രളയഭീതിയിൽ നിന്ന് രക്ഷിക്കാൻ നടപടി എടുത്തില്ലെന്ന ഗുരുതരമായ വിമർശനവും റിപ്പോർട്ടിലുണ്ട്. ചെങ്കൽത്തോടിലെ വെള്ളം പെരിയാറിലേക്ക് തിരിച്ചു വിടാൻ ഡൈവേർഷൻ കനാൽ ഉറപ്പാക്കുന്നതിൽ ദുരന്ത നിവാരണ വിഭാഗങ്ങളൊ, സിയാലോ, തദ്ദേശ സ്ഥാപനങ്ങളൊ നടപടി എടുത്തില്ലന്നാണ് സി.എ.ജി റിപ്പോർട്ടിലെ വിമർശനം.
മാത്രമല്ല തോട്ടപ്പള്ളി സ്പിൽവേ ആഴം കൂട്ടൽ ലക്ഷ്യം കാണാത്തത് 2018 ൽ ആലപ്പുഴയിലെ പ്രളയത്തിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. ഇതിനും പുറമെ പ്രളയ ശേഷമുള്ള അടിയന്തിര അറ്റകുറ്റ പണികളുടെയും പുനർ നിർമ്മാണ പദ്ധതികളുടെയും 18 ശതമാനം പോലും രണ്ട് വർഷവും എട്ട് മാസവും കഴിഞ്ഞിട്ടും പൂർത്തിയായില്ലന്നും സി.എ.ജിയുടെ റിപ്പോർട്ടിൽ വിമർശിക്കുന്നു.
content highlights:CAG criticize state government in 2018 flood