തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനം ലഭിച്ച കുട്ടികൾക്ക് സീറ്റ് ഒഴിവുള്ള സ്കൂളിലേക്ക് മാറാൻ അനുമതി നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 23ന് പുതിയ ബാച്ചുകൾ ആരംഭിക്കുന്നതോടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും. വിദ്യാകിരണം പദ്ധതി വഴി 45,313 ലാപ്ടോപ് വിതരണം ചെയ്യുകയാണ്. 4.7 ലക്ഷം വിദ്യാർഥികൾക്കാണ് ഡിജിറ്റൽ പഠനോപകരണം ലഭ്യമാക്കേണ്ടത്. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഇടപെടലോടെ സെപ്തംബറിൽ ഇത് 3.7 ലക്ഷമായും നവംബറിൽ 3.53 ലക്ഷമായും കുറഞ്ഞു. പട്ടികവർഗ വിഭാഗത്തിലെ 36,999 വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങളില്ലാത്തത്. ഡിജിറ്റൽ ക്ലാസുകളുടെ പങ്കാളിത്തത്തിലും പ്രാപ്യതയിലും കേരളം ഏറെ മുന്നിലാണ്. എസ്സിഇആർടി, യൂണിസെഫ് പഠനങ്ങളിൽ ഇത് തെളിഞ്ഞതായി മന്ത്രി പറഞ്ഞു.















