കൊച്ചി
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അഞ്ചു കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. ഒന്നാംപ്രതി മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജർജസ് ജേക്കബ്, ജോസഫ് മാളിയേക്കൽ, ഐഎൻടിയുസി നേതാവ് ഷെരീഫ് വാഴക്കാല എന്നിവർക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ഇവർ പുറത്തിറങ്ങി. മൂന്നു പ്രതികൾകൂടി റിമാൻഡിലുണ്ട്.
അഞ്ചു പ്രതികളും കാറിനുണ്ടായ നഷ്ടത്തിന്റെ പകുതി തുകയായ 37,500 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. 50,000 രൂപയുടെ രണ്ട് ആൾജാമ്യവും നൽകണം. ഒളിവിലായിരുന്ന ടോണി ചമ്മണിയും കൂട്ടാളികളും തിങ്കളാഴ്ചയാണ് കീഴടങ്ങിയത്. കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു.
രണ്ടാംപ്രതി പി ജി ജോസഫ് വീണ്ടും നൽകിയ ജാമ്യാപേക്ഷ വാദം കേൾക്കാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി. ആദ്യം നൽകിയത് തള്ളിയിരുന്നു. കഴിഞ്ഞദിവസം കീഴടങ്ങിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർക്കും ജാമ്യം ലഭിച്ചില്ല.
നവംബർ ഒന്നിന് കോൺഗ്രസ് ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ കാറിന്റെ ചില്ല് അടിച്ചുതകർത്തെന്നാണ് കേസ്.















