പാലക്കാട്
വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഐ എം പ്രവർത്തകൻ കെ ആർ വിജയനെ വെട്ടിക്കൊന്ന കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പാലക്കാട് മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി കെ മോഹൻദാസാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 302 വകുപ്പ് പ്രകാരമുള്ള കൊലപാതകക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. അഞ്ച് പ്രതികൾ ഉണ്ടായിരുന്ന കേസിൽ നാലാം പ്രതിയെ വിട്ടു.
ആർഎസ്എസ് പ്രവർത്തകൻ പടിഞ്ഞാമുറി പവൻ എന്ന സുജീഷ് (31) ആണ് ഒന്നാം പ്രതി. കാരപ്പൊറ്റ കൂടല്ലൂർ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുൻ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29)എന്നിവരാണ് മറ്റുപ്രതികൾ. നാലാം പ്രതി കാരപ്പൊറ്റ കുന്നുംപറും ചാരുഷി(25) നെയാണ് വിട്ടത്. 2015 മെയ് മൂന്നിന് വൈകിട്ട് അഞ്ചിന് വീടിനു സമീപത്തെ മരണവീട്ടിലേക്ക് പോവുകയായിരുന്ന വിജയനെ തടഞ്ഞുനിർത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിജയന്റെ സഹോദരൻ കെ ആർ മോഹനനാണ് സംഭവം നേരിൽക്കണ്ടത്. രണ്ടു ദിവസം മുമ്പ് പ്രദേശത്ത് ഉണ്ടായ സിപിഐ എം, ബിജെപി സംഘർഷത്തെ തുടർന്നുള്ള വിരോധമാണ് വിജയനെ കൊലപ്പെടുത്താൻ കാരണം. സിപിഐ എം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വിജയൻ, ഓട്ടോ ഓടിച്ചാണ് ഭാര്യയും രണ്ട് പെൺമക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. വടക്കഞ്ചേരി സിഐ ആയിരുന്ന എസ് പി സുധീരനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പഷ്യെൽ പ്രോസിക്യൂട്ടർ എം രാജേഷ്, ഷിജു കുര്യാക്കോസ്, എൻ ഡി രജീഷ് എന്നിവർ ഹാജരായി.















