ന്യൂഡൽഹി
റഫാൽ യുദ്ധവിമാന ഇടപാടിൽ കോഴ നല്കിയതിന്റെ രേഖ കിട്ടിയിട്ടും സിബിഐയും ഇഡിയും നിഷ്ക്രിയത്വം പാലിച്ചെന്ന വിവരം പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ മൗനത്തിൽ. സിബിഐക്ക് ഈ രേഖകൾ ലഭിച്ചതിനു പിന്നാലെയാണ് അന്നത്തെ സിബിഐ ഡയറക്ടർ അലോക് വർമയെ അർധരാത്രി പുറത്താക്കിയത്. 2018 ഒക്ടോബർ 23നാണ് അസാധാരണ നീക്കത്തിലൂടെ സിബിഐ ആസ്ഥാനം കേന്ദ്ര സേന വളഞ്ഞ് വർമയെ പുറത്താക്കുകയും എം നാഗേശ്വരറാവുവിനെ ഡയറക്ടറായി നിയമിക്കുകയും ചെയ്തത്.
രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ സിബിഐ ആസ്ഥാനത്തുനിന്ന് രേഖകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു. റഫാൽ ഇടപാടിൽ ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സിബിഐ ഡയറക്ടറായിരിക്കെ വർമ തീരുമാനിച്ചിരുന്നു. അരുൺ ഷൂരി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവരാണ് റഫാലിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. അഗസ്ത വെസ്റ്റ്ലാൻഡ് കേസുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും ആവശ്യപ്പെട്ടപ്രകാരം മൗറീഷ്യസ് അധികൃതർ ആയുധവ്യാപാര ഇടനിലക്കാരൻ സുശേൻ ഗുപ്തയുടെ ബാങ്ക് ഇടപാട് രേഖകൾ കൈമാറിയിരുന്നു. ഗുപ്തയ്ക്ക് റഫാൽ ഇടപാടിലും കോഴ ലഭിച്ചതായി ഇതിൽ തെളിവുണ്ടായിരുന്നു. 2018 ഒക്ടോബർ 11നാണ് മൗറീഷ്യസ് അധികൃതർ സിബിഐക്ക് ഈ വിവരങ്ങൾ കൈമാറിയത്. വർമയെ ദിവസങ്ങൾക്കകം നീക്കുകയും ചെയ്തു. വർമയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോർത്തിയിരുന്നതായി പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെ കേന്ദ്ര സർക്കാരിന്റെ മൗനത്തെ കൂടുതൽ സംശയത്തിൽ ആഴ്ത്തി.















