അബുദാബി
മധുരവിജയവുമായി ന്യൂസിലൻഡ് ട്വന്റി–-20 ക്രിക്കറ്റ് ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്നു. ആവേശകരമായ സെമിയിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് കീഴടക്കി. രണ്ടുവർഷംമുമ്പ് ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കുള്ള മധുരപ്രതികാരമായി ഈ ത്രസിപ്പിച്ച വിജയം. 47 പന്തിൽ 72 റണ്ണുമായി പുറത്താകാതെ നിന്ന ഓപ്പണർ ഡാരിൽ മിച്ചെലാണ് കളിയിലെ താരം.
സ്കോർ: ഇംഗ്ലണ്ട് 4–-166, ന്യൂസിലൻഡ് 5–-167(19). കിവീസിന് അവസാന അഞ്ച് ഓവറിൽ ജയിക്കാൻ 60 റൺ വേണ്ടിയിരുന്നു. ക്ഷമയോടെ ബാറ്റേന്തിയ മിച്ചെലിനൊപ്പം ജിമ്മി നീഷം ചേർന്നതാണ് കളിയിൽ വഴിത്തിരിവായത്. ജോർദന്റെ 17–-ാം ഓവറിൽ 23 റൺ പിറന്നു. നീഷം മൂന്ന് സിക്സറടക്കം 11 പന്തിൽ 27 റണ്ണടിച്ചത് വിജയത്തിലേക്കുള്ള വഴിയായി. കോൺവേ 38 പന്തിൽ 46 റണ്ണെടുത്തു. മിച്ചെൽ നാലുവീതം ഫോറും സിക്സറും പറത്തി. മൂന്നാം ഓവറിൽ 13 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ലോക ടെസ്റ്റ് ചാമ്പ്യൻമാരായ കിവീസിന്റെ തിരിച്ചുവരവ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മൊയീൻ അലി പുറത്താകാതെ നേടിയ അർധസെഞ്ചുറിയാണ് (37 പന്തിൽ 51) രക്ഷയായത്. മൊയീൻ അലി മൂന്ന് ഫോറും രണ്ട് സിക്സറും കണ്ടെത്തി. ഞായറാഴ്ചയാണ് ഫെെനൽ.