വയനാട്: ബത്തേരി കോഴക്കേസിലെ ശബ്ദ പരിശോധന കേന്ദ്ര സർക്കാരിന് കീഴിലെ ലബോറട്ടറിയിൽ നടത്തണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് സുരേന്ദ്രന്റെ ആവശ്യം തള്ളിയത്.
കേരളത്തിലെ ലാബുകളിൽ നടത്തുന്ന പരിശോധന വിശ്വസനീയമല്ല. അതിനാൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഫോറൻസിക് ലാബിൽ ശബ്ദ പരിശോധന നടത്തണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.
കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ സുരേന്ദ്രന്റെയും സി.കെ. ജാനു ഉൾപ്പെടെയുള്ളവരുടെയും ശബ്ദ സാമ്പിളുകൾ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽവെച്ച് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളിയ സാഹചര്യത്തിൽ ഉടൻ തന്നെ ശബ്ദപരിശോധന നടക്കുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.
content highlights:bathery bribery case, court rejects k surendran petition