തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ച ജലവിഭവ വകുപ്പ് മന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സഭയിൽ മന്ത്രി കളവ് തിരുത്തിയത് അപൂർവ്വ സംഭവമാണെന്നും തിരുത്തി പറയാൻ മന്ത്രിക്ക് നാണവും മാനവുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
നടൻ ജോജു ജോർജുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. എന്നാൽ ജോജുവുമായുള്ള പ്രശ്നം ജോജുവിനോട് മാത്രമുള്ളതാണെന്നും അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത് എന്നാണ് താൻ പറഞ്ഞതെന്നും കെ.സുധാകരൻ വിശദീകരിച്ചു. അന്ന് ജോജുവിൽ നിന്നുണ്ടായത് അപക്വമായ നടപടിയാണ്. അതിന് സിനിമ ലോകത്തെ എല്ലാവരേയും ശിക്ഷിക്കരുത്. പ്രശ്നം തീർക്കാൻ ജോജു എത്തിയതാണെന്നും എന്നാൽ മുതിർന്ന ചില സിപിഎം നേതാക്കൾ അദ്ദേഹത്തെ പിൻതിരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ധ നികുതി കുറയ്ക്കാനായി സംസ്ഥാന സർക്കാരിന്റെ കണ്ണ് തുറക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ചക്ര സ്തംഭന സമരം പൂർണമായും ജനം സ്വീകരിച്ചന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനനികുതി ഇളവ് ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടി തൃപ്തികരമല്ല. പക്ഷേ കേരളം അത്ര പോലും കാണിക്കാത്തത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Minister should be ashamed of changing the statement in assembly says k sudhakaran