തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിന് മുൻപ് യോഗം ചേർന്നില്ലെന്ന സംസ്ഥാന സർക്കാർ വാദം പൊളിയുന്നു. നവംബർ ഒന്നിന് യോഗം ചേർന്നതിന്റെ സർക്കാർ രേഖ തന്നെ പുറത്തുവന്നു. അനുമതി നൽകുന്നതിന് മുൻപ് ചേർന്ന യോഗത്തിന്റെ കവറിങ്ങ് ലെറ്ററിലാണ് യോഗത്തെ കുറിച്ച് പരാമർശമുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിന് ചീഫ് വൈൽഡ് ലൈഫ് ഓഫീസർ ബെന്നിച്ചൻ തോമസ് നൽകിയ കത്തിലാണ് യോഗത്തെ കുറിച്ച് പരാമർശമുള്ളത്. സംസ്ഥാന സർക്കാരിന്റേയും മന്ത്രിമാരുടേയും വാദങ്ങൾ പൊളിക്കുന്നതാണ് ഈ രേഖ. അത്തരത്തിലൊരു യോഗം നടന്നിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ പറഞ്ഞു.
നവംബർ ഒന്നിന് ഇത്തരമൊരു യോഗം ചേർന്നില്ലെന്ന് സ്ഥാപിക്കാനാണ് ജലസേചന വകുപ്പ് ശ്രമിച്ചത്. ഇന്ന് നിയമസഭയിലും സമാനമായ വാദമാണ് ഉന്നയിക്കാൻ ശ്രമിച്ചത്. നവംബർ ഒന്നിന് ചേർന്ന യോഗത്തിലാണ് മരം മുറിക്കാനുള്ള അനുമതി നൽകാൻ തീരുമാനമായതെന്നും ടി.കെ ജോസിന് അയച്ച കത്തിന്റെ ഭാഗമായുള്ള ഉത്തരവിൽ വ്യക്തമാണ്. യോഗം നടന്നില്ലെന്നും അതിന് തെളിവില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറയുമ്പോൾ അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
എല്ലാ ഉത്തരവാദിത്തവും വനം വകുപ്പിന്റെ തലയിൽ വെച്ച് ജലസേചന വകുപ്പ് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ജലസേചന വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. വിഷയത്തിൽ നിലനിന്നിരുന്ന അവ്യക്തതയും ഈ രേഖയോടെ മാറുകയാണ്. നവംബർ അഞ്ചിനാണ് മരംമുറിക്കാൻ അനുമതി നൽകിക്കൊണ്ട് ബെന്നിച്ചൻ തോമസ് ഉത്തരവിറക്കിയത്. ഇതിന് മുന്നോടിയായി നവംബർ ഒന്നിന് ജലവിഭവ സെക്രട്ടറിയുടെ ചേംബറിലെ യോഗത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. ഉന്നതതല യോഗങ്ങൾ ചേർന്നിട്ടില്ലെന്നാണ് നിയമസഭയിൽ സർക്കാർ വിശദീകരിക്കുന്നത്.
നേരത്തെ മരംമുറി സംബന്ധിച്ച് സംയുക്ത പരിശോധന നടന്നില്ലെന്ന വാദം മന്ത്രി എ.കെ ശശീന്ദ്രൻ തിരുത്തിയിരുന്നു. നിയമസഭയിൽ ഒരു കാര്യവും എ.കെ.ജി സെന്ററിൽ മറ്റൊന്നും പറഞ്ഞ് മന്ത്രിമാർ സഭയെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: meeting was held prior to tree cutting order claims covering letter