തിരുവനന്തപുരം
കേരളത്തിന്റെ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ എൽഡിഎഫിന്റെ ബഹുജനപ്രക്ഷോഭം. 30ന് വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്താനും സിൽവർലൈൻ ഉൾപ്പെടെയുള്ള കേരളത്തിന്റെ വികസനപദ്ധതികൾക്കെതിരെയുള്ള കേന്ദ്രനയങ്ങൾ തുറന്നുകാണിക്കാനും എൽഡിഎഫ് യോഗം തീരുമാനിച്ചു. ധർണയിൽ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും മറ്റുപ്രമുഖരും പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടുകൾ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കും. പ്രചാരണ, പ്രക്ഷോഭ പരിപാടികൾ നടത്തും. കെ റെയിലിന്റെ സിൽവർലൈൻ, ശബരിമല വിമാനത്താവള പദ്ധതികൾ തകർക്കാനുള്ള നീക്കമാണ്. തിരുവനന്തപുരത്തെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചു. സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി കുടിശ്ശിക വർധിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതവും കുടിശ്ശികയാണെന്നും എൽഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.