തൃശൂർ
കേരള സംഗീത നാടക അക്കാദമി ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. ഷട്കാല ഗോവിന്ദമാരാരുടെ ജന്മനാടായ എറണാകുളം രാമമംഗലത്താണ് ത്രിദിന സംഗീത -നൃത്തോത്സവം അരങ്ങേറുക. ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയുമായി സഹകരിച്ചാണ് പരിപാടി.
വൈകിട്ട് അഞ്ചിന് അക്കാദമി വൈസ്ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ജോർജ് എസ് പോൾ അധ്യക്ഷനാകും. സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് 5.30ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനാകും. വെള്ളിയാഴ്ച വൈകിട്ട് നാലിന് ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി ഓഡിറ്റോറിയത്തിൽ താഴത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന കേളിയോടെ പരിപാടി ആരംഭിക്കും. 4.30ന് തൃക്കാമ്പുറം ജയൻ അവതരിപ്പിക്കുന്ന സോപാനസംഗീതം അരങ്ങേറും. തുടർന്ന് കലാമണ്ഡലം വേണിയുടെ മോഹിനിയാട്ടം അരങ്ങേറും.
സംഗീതോത്സവത്തിന്റെ രണ്ടാംദിനം വൈകിട്ട് 4.30ന് പോരൂർ ഉണ്ണിക്കൃഷ്ണനും കൽപ്പാത്തി ബാലകൃഷ്ണനും ഇരട്ടത്തായമ്പക അവതരിപ്പിക്കും. വൈകിട്ട് ആറിന് ഭാവയാമി രഘുരാമം, രാത്രി ഏഴിന് ഡോ. ബി അരുന്ധതിയുടെ സംഗീതക്കച്ചേരി. സമാപനദിനം പകൽ മൂന്നിന് നെച്ചൂർ രതീശനും സംഘവും പഞ്ചരത്ന കീർത്തനം ആലപിക്കും. 4.30ന് ഏലൂർ ബിജുവിന്റെ സോപാന സംഗീതവും രാത്രി ഏഴിന് ശ്രീലക്ഷ്മി ഗോവർധനന്റെ കുച്ചിപ്പുടിയും അരങ്ങിലെത്തും.