കൊച്ചി
തൃക്കാക്കര നഗരസഭാധ്യക്ഷ കൗൺസിലർമാർക്ക് പണക്കിഴി നൽകിയ കേസിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. കേസിൽ വിശദ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് വിജിലൻസിന് അനുമതി നൽകി. പണക്കിഴി നൽകിയതിന് തെളിവുണ്ടെന്ന് വിജിലൻസിന്റെ ദ്രുതപരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ദ്രുതപരിശോധനാ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് അയച്ചിരുന്നു. തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് കൊച്ചി യൂണിറ്റിന് ആഭ്യന്തരവകുപ്പ് അനുമതി നൽകിയത്.
ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപവീതം കവറിലാക്കി ചെയർപേഴ്സൺ അജിത തങ്കപ്പൻ നൽകിയെന്നും ഇത് അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗൺസിലർമാർ വിജിലൻസിന് നൽകിയ പരാതിയിലാണ് അന്വേഷണം. അജിത തങ്കപ്പന്റെ ഓഫീസ് മുറിയിൽനിന്ന് പണമടങ്ങിയ കവറുമായി കൗൺസിലർമാർ പുറത്തേക്കുവരുന്ന സിസിടിവി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. ആറു കൗൺസിലർമാരുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. പണക്കിഴി നൽകിയെന്ന് വി ഡി സുരേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാരും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.